സിപിഎം ഇവിടെ ഉള്ളടത്തോളം സംഘപരിവാര്‍ അജണ്ട നടപ്പാകില്ലെന്ന് പി.ജയരാജന്‍

ജോബിന്‍സ് Published on 02 December, 2021
സിപിഎം ഇവിടെ ഉള്ളടത്തോളം സംഘപരിവാര്‍ അജണ്ട നടപ്പാകില്ലെന്ന് പി.ജയരാജന്‍
എല്‍ഡിഎഫ് സര്‍ക്കാരും സിപിഐഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും നടപ്പാവില്ലെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. കണ്ണൂര്‍ തലശേരിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിന്റെ ഏത് വെല്ലുവിളിയും നേരിടാന്‍ സിപിഎമ്മിനും മത നിരപേക്ഷ പ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് ഓര്‍ക്കണമെന്ന് പി ജയരാജന്‍ പറഞ്ഞു.

പള്ളികള്‍ തകര്‍ക്കുമെന്നാണ് ബിജെപിയുടെ ഭീഷണി. എന്നാല്‍ തലശേരിയുടെ ചരിത്രം ബിജെപി വരുന്നതിനും മുമ്പുള്ളതാണെന്ന് ജയരാജന്‍ ഓര്‍മ്മിപ്പിച്ചു. 1971 ല്‍ ആര്‍എസ്എസ് നടത്തിയ വര്‍ഗ്ഗീയ കലാപത്തില്‍ വീടുകളും, പള്ളികളും, കടകളും അക്രമത്തിന് ഇരയാക്കി. ചിലയിടങ്ങളില്‍ മുസ്ലീം വര്‍ഗീയവാദികളും ആക്രമണം നടത്തി. 

അന്ന് സിപിഐഎമ്മിന്റെ കരുത്ത് എന്താണെന്ന് ആര്‍എസ്എസുകാര്‍ക്ക് ബോധ്യപ്പെട്ടതാണ്. പള്ളികള്‍ തകര്‍ക്കാനുള്ള അവരുടെ ശ്രമത്തിന് തടയിട്ടത് സിപിഎമ്മാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ മതനിരപേക്ഷ വാദികള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണമെന്നും പി ജയരാജന്‍ പറഞ്ഞു. 

കെടി ജയകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയിലാണ് ബിജെപി പ്രവര്‍കത്തകരുടെ പരസ്യമായ വിദ്വേഷ മുദ്രാവാക്യമുയര്‍ന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക