മരക്കാര്‍ : മലയാള സിനിമയില്‍ വീണ്ടും മണി കിലുക്കം

രഞ്ജിത് നായര്‍ Published on 02 December, 2021
 മരക്കാര്‍ : മലയാള സിനിമയില്‍ വീണ്ടും മണി കിലുക്കം
ലൂസിഫര്‍ നല്‍കിയ മാസ് ഇല്ല ,ദൃശ്യം നല്‍കിയ സസ്‌പെന്‍സ് ഇല്ല ..പക്ഷേ ഒരു ദൃശ്യ വിസ്മയം എന്ന നിലയില്‍ മലയാള സിനിമക്ക് അഭിമാനിക്കാവുന്ന ഗംഭീര ചിത്രം തന്നെ മരക്കാര്‍ .താര ആരാധനയോടെയല്ലാതെ ,സിനിമ എന്ന കലാരൂപത്തെ സ്‌നേഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും മനസു നിറക്കുന്ന ചിത്രം തന്നെയാവും ഇത്. പടം എങ്ങനുണ്ട് ?കൊള്ളാമോ ...സിനിമ കണ്ടു കഴിഞ്ഞാല്‍ ചോദിക്കാറുള്ള പതിവ് ചോദ്യം ..പക്ഷേ മരക്കാര്‍ എന്ന സിനിമയെ ഒറ്റ വാക്കില്‍ കൊള്ളാം എന്നോ കുഴപ്പമില്ല എന്നോ പറയുന്നത് ശരിയാവില്ല .ഗംഭീരം എന്ന് തന്നെ പറയാം ..റിസ്‌ക് എടുക്കുന്നവരെ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളു എന്ന് പറയാറുണ്ട് ..ഈ റിസ്‌ക് കോറോണയെ മറി കടന്നു അവസാനം വിജയിച്ചിരിക്കുന്നു  ..റിസര്‍വേഷനിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കി മറി കടന്ന വെല്ലുവിളി ജനാഭിപ്രായത്തിലും മുന്നേറും എന്ന് നിസംശയം പറയാം .ഒരു ചരിത്ര സിനിമയുടെ ആസ്വാദന നിലവാരം പ്രേക്ഷകരില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടാക്കിയാല്‍ പോലും, മരക്കാര്‍ മലയാള സിനിമക്കു പൊന്‍ തൂവല്‍ ആകും.

ദൃശ്യ ചാരുതയോടെ ഉത്സവം , ഒരു ചരിത്ര വീര പുരുഷനുള്ള ആദരം എന്നിങ്ങനെ ചിത്രത്തെ വിശേഷിപ്പിക്കാം. മോഹന്‍ലാലിന്റെ  വാണിജ്യ പരമായ സാധ്യതകള്‍ ഉറപ്പാക്കി നിര്‍മിച്ച ഒരു ചിത്രം സാമ്പത്തിക ലാഭത്തിനുമപ്പുറം ,മദ്യവും ലോട്ടറിയും അല്ലാതെ അധികം വിജയകരമായ അധികം വ്യവസായങ്ങള്‍ ഒന്നും കണ്ടു ശീലിച്ചിട്ടില്ലാത്ത മലയാളിക്ക് ഒരു വിപണി സാധ്യത കൂടി തുറന്നു നല്‍കുന്നു മരക്കാര്‍. കൂടുതല്‍ ലോകോത്തര നിലവാരത്തിലുള്ള ചിത്രങ്ങള്‍ ഒരുക്കുവാന്‍ മലയാള സിനിമാ  വ്യവസാ യത്തിനു  ധൈര്യം  പകരുന്ന ചിത്രം എന്ന് നിസംശയം പറയാം.

ബാഹുബലി പോലെയുള്ള ചിത്രങ്ങള്‍ കണ്ടു ശീലിച്ച പ്രേക്ഷകര്‍ക്ക് അതിനു മുകളില്‍ പ്രതിഷ്ഠിക്കാന്‍ പറ്റില്ലെങ്കിലും മലയാള സിനിമയുടെ മൂല്യം ലോകത്തിനു മുന്‍പില്‍ തുറന്നു കാണിക്കാന്‍ സഹായകരമാകും ഈ ചിത്രം .സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ അര്‍ഹിച്ച ദേശീയ അവാര്‍ഡ് തന്നെ എന്ന് സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ വിഷ്വല്‍ എഫ്ഫക്റ്റ് പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്നു .സിദ്ധാര്‍ഥ് തീര്‍ച്ചയായും  ഇന്ത്യന്‍ സിനിമയില്‍ വരവറിയിച്ച ചിത്രം കൂടിയാണ് മരക്കാര്‍ .സിനിമയിലെ നടീ നടന്മാരും മറ്റു സാങ്കേതിക പ്രവര്‍ത്തകരും സിനിമയില്‍ കഴിവ് തെളിയിച്ചവരായതു  കൊണ്ട് ,ആ അനുഭവ പരിചയം സിനിമയില്‍ ഗുണം ചെയ്തു എന്നതിനപ്പുറം പ്രത്യേകം പരാമര്‍ശ വിധേയം ആകേണ്ടതില്ല .എങ്കിലും പ്രിയനും ആന്റണിയും ലാലേട്ടനും ഉള്‍പ്പെട്ട ടീമിന് തങ്ങളുടെ ക്ലാസ് ഒരിക്കല്‍ കൂടി തെളിയിക്കാനായി എന്നതില്‍ അഭിമാനിക്കാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക