ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ ചോദ്യം ; മാപ്പ് പറഞ്ഞ് സിബിഎസ്ഇ

ജോബിന്‍സ് Published on 02 December, 2021
ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ ചോദ്യം ; മാപ്പ്  പറഞ്ഞ് സിബിഎസ്ഇ
ബുധനാഴ്ച്ച നടന്ന സിബിഎസ്ഇ 12ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ബോര്‍ഡ് പരീക്ഷയിലെ വിവാദ ചോദ്യത്തിന് ക്ഷമാപണവുമായി സിബിഎസ്ഇ. സോഷ്യോളജി പേപ്പറിലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ചോദ്യമാണ് വിവാദമായി മാറിയത്. 2002-ല്‍ ഗുജറാത്തില്‍ ഏതു പാര്‍ട്ടിയുടെ സര്‍ക്കാരിന്റെ കാലത്തായിരുന്നു വര്‍ഗീയകലാപം അരങ്ങേറിയതെന്നായിരുന്നു ചോദ്യം.

ഉത്തരങ്ങള്‍ തിരഞ്ഞെടുക്കാനായി കോണ്‍ഗ്രസ്, ബിജെപി, ഡെമോക്രാറ്റിക്, റിപബ്ലിക്കന്‍ എന്നിങ്ങനെ നാല് ഓപ്ഷനുകളും പേപ്പറില്‍ നല്‍കിയിരുന്നു. ചോദ്യ പേപ്പറിലെ 23ാമത്തെ ചോദ്യമായിരുന്നു ഇത്.

ഈ ചോദ്യം സി.ബി.എസ്.ഇ.യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധവും അനുചിതവും ആണെന്ന് സിബിഎസ്ഇ ബോര്‍ഡ് അധികൃതര്‍ ട്വീറ്റ് ചെയ്തു. ഇത്തരത്തിലൊരു ചോദ്യം പരീക്ഷക്ക് ചോദിച്ചതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇതിന് കാരണക്കാരായവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും എന്നും സിബിഎസ്ഇ അറിയിച്ചു.

കുട്ടികളെ പാഠ പുസ്തകത്തില്‍ പഠിപ്പിച്ചത് തന്നെയാണ് ചോദ്യത്തില്‍ വന്നതെന്നാണ് സിബിഎസ്ഇക്ക് നേരെ ഉയരുന്ന വിമര്‍ശനം. പന്ത്രണ്ടാം ക്ലാസിലെ സോഷ്യോളജി ടെക്സ്റ്റ് ബുക്കിലെ 141ാം പേജിലാണ് ചോദ്യവുമായി ബന്ധപ്പെട്ട പാഠഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷമാപണത്തോടുള്ള മറുപടിയായി ഈ പാഠഭാഗത്തിന്റെ ചിത്രങ്ങളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക