യുഡിഎഫിലും അസ്വസ്ഥത ; ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ ഷിബു ബേബി ജോണ്‍

ജോബിന്‍സ് Published on 02 December, 2021
യുഡിഎഫിലും അസ്വസ്ഥത ;  ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ ഷിബു ബേബി ജോണ്‍
ഇക്കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വിട്ടു നിന്നതില്‍ മുന്നണിക്കുളിലും അതൃപ്തി പുകയുന്നു. ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. 

ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും കൊതിക്കെറുവാണെന്ന് ഷിബു ബേബി ജോണ്‍ ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പക്വമായി പരിഹരിക്കുന്നതിനു പകരം സ്വയം ചെറുതാകും വിധമുളള പ്രവര്‍ത്തനങ്ങളാണ് ഇരുനേതാക്കളില്‍ നിന്നും ഉണ്ടാകുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

മുമ്പ് ഉമ്മന്‍ ചാണ്ടി മന്ത്രി സഭയില്‍ അംഗമായിരുന്ന ഷിബു ബേബി ജോണ്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് അദ്ദേഹം ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനം നടത്തുന്നത്. 

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉടലെടുത്തിരിക്കുന്ന ഭിന്നത മുന്നണിയിലേയ്‌ക്കെത്തിയതോടെ കൂടുതല്‍ നേതാക്കളുടെ ഭാഗത്ത് നിന്നും ഉടന്‍ പ്രതികരണമുണ്ടാകാനും സാധ്യതയുണ്ട്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക