Image

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ തുറന്നു ; തമിഴ്‌നാടിനെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി

ജോബിന്‍സ് Published on 02 December, 2021
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ തുറന്നു ; തമിഴ്‌നാടിനെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി
മുന്നറിയിപ്പ് ഇല്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്ന് വെള്ളംഒഴുക്കിയതിന് എതിരെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്‌നാടിന്റെ നടപടി കോടതിയലക്ഷ്യവും ഗൗരവതരവും ആണെന്ന് മന്ത്രി പറഞ്ഞു. തമിഴ്നാട് റൂള്‍ കര്‍വ് പാലിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ പരാതി സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഷട്ടറുകള്‍ തുറക്കുമ്പോള്‍ കൃത്യമായി അറിയിപ്പ് നല്‍കേണ്ടതാണ്. ഒരു സര്‍ക്കാരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഒരു പരിധിയില്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നത് പ്രതിഷേധാര്‍ഹമാണ്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാടുമായി നേരിട്ട് സംസാരിക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിലനിര്‍ത്തണം എന്ന കാര്യത്തില്‍ തമിഴ്നാടിന് വ്യഗ്രതയാണെന്നും മന്ത്രി പറഞ്ഞു.

വിഷയത്തില്‍ രാഷ്ട്രീയത്തിനല്ല, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ദൗത്യമാണ്. അതിന് വേണ്ട എല്ലാ നടപടികളും കേരളം സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഡാമിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കണം. രാത്രിയില്‍ മുന്നറിയിപ്പില്ലാതെ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യം ഉണ്ടാക്കരുത്. മേല്‍നോട്ട സമിതി ഉടന്‍ ചേരണമെന്നും റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക