വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 02 December, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ നടന്ന പരിശോധനയില്‍ രോഗം  സ്ഥിരീകരിച്ച  ഇവരെ ഉടന്‍ തന്നെ ഐസലേഷനില്‍ ആക്കിയതിനാല്‍ രോഗവ്യാപന ഭീഷണിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. 66 വയസ്സും 46 വയസ്സുമുള്ള രണ്ട് പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കഴിഞ്ഞ മാസം 20 ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും വന്നവരാണ്.
*************************
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നത് പെരിയാര്‍ തീരത്ത് ആശങ്ക സൃഷ്ടിച്ചു. യാതൊരു മുന്നറിയിപ്പുകളുമില്ലാതെ ഇന്ന് പുലര്‍ച്ചെ പത്ത് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തുകയായിരുന്നു. ഇതോടെ 8000 ഘനയടിയോളം വെള്ളം പുറത്തേയ്ക്ക് ഒഴുകി. അപ്രതീക്ഷിതമായി പെരിയാറ്റില്‍ ജലനിരപ്പുയര്‍ന്നതോടെ ജനം പരിഭ്രാന്തരായി. ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റില്‍ അറിയിച്ചു.
********************************
കോവിഡ് വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. വൈറസിന് യാതൊരു അതിരുകളുമില്ല. ചില രാജ്യങ്ങളെയും, പ്രദേശത്തെയും മാത്രം ഒറ്റപ്പെടുത്തുന്ന തരം യാത്രാവിലക്കുകള്‍ അന്യായമാണെന്നും, ഫലപ്രദമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
**************************************
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ്  പ്രവര്‍ത്തകരുടെ  കൊലക്കേസില്‍ രാഷ്ട്രീയ മുതലെടുപ്പിന് സിബിഐകൂട്ടുനിന്നുവെന്ന് സിപിഎം. കോണ്‍ഗ്രസ് പറഞ്ഞവരെ സിബിഐ പ്രതി ചേര്‍ത്തുവെന്ന് സിപിഎം കാസറഗോഡ് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ ആരോപിച്ചു. കേസില്‍ സിപിഎമ്മിന്  ഒന്നും ഒളിച്ചുവയ്ക്കാനില്ല. കൊലപാതകം പാര്‍ട്ടി അറിഞ്ഞതല്ലെന്നും അദ്ദേഹം പറഞ്ഞു
***************************************
പെരിയ രാഷ്ട്രീയ കൊലപാതകത്തില്‍  പങ്കില്ലന്ന സിപിഎമ്മിന്റെ ഒരു കെട്ടുകഥ കൂടി പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുപ്രസിദ്ധ തീവവാദ സംഘടനകളെ പോലെ ക്രൂരമായി കൊലനടത്തുന്ന സംഘടനയാണ് സിപിഎം. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തില്‍ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു
*************************************
ഒറ്റപ്പാലത്ത് മുസ്ലീം ലീഗിന്റെ കൊടിമരത്തില്‍ റീത്ത് വെച്ച് പ്രതിഷേധം. പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ റീത്തില്‍ നോട്ടീസുണ്ട്. വര്‍ഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളില്‍ രാഷ്ട്രീയം പാടില്ല തുടങ്ങിയവയാണ് നോട്ടീസിലുള്ളത്. ഇന്ന് രാവിലെയാണ് കൊടിമരത്തില്‍ റീത്തും നോട്ടീസും പ്രത്യക്ഷപ്പെട്ടത്. അതേസമയം വഖഫ് നിയമന പ്രശ്‌നത്തില്‍ പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനം സമസ്ത തള്ളിയതോടെ നാളെ നടത്താനിരുന്ന പരിപാടികള്‍ ലീഗ് മാറ്റി.
******************************************************
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ  കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തു. 21 ആം പ്രതിയാണ് കുഞ്ഞിരാമന്‍. ഉദുമ മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് കെ വി കുഞ്ഞിരാമന്‍. പ്രതികള്‍ക്ക് കുഞ്ഞിരാമന്‍ സഹായം നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.
******************************************************
കോവിഷീല്‍ഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിന് അനുമതി ആവശ്യപ്പെട്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ രംഗത്ത്. ഇത് സംബന്ധിച്ച അപേക്ഷ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് സമര്‍പ്പിച്ചു. കോവിഡ് വകഭേദമായ ഒമിക്രോണ്‍ കൂടി പല രാജ്യങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ ബൂസ്റ്ററിനായി അനുമതി തേടിയത്.
****************************************************
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ വിമര്‍ശനവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും കൊതിക്കെറുവാണെന്ന് ഷിബു ബേബി ജോണ്‍ ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പക്വമായി പരിഹരിക്കുന്നതിനു പകരം സ്വയം ചെറുതാകും വിധമുളള പ്രവര്‍ത്തനങ്ങളാണ് ഇരുനേതാക്കളില്‍ നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക