കുര്‍ബാന ഏകീകരണത്തില്‍ വിശ്വാസികളെ ശ്രവിക്കാതിരുന്ന സിനഡ്; വിമര്‍ശവുമായി സത്യദീപം

Published on 02 December, 2021
കുര്‍ബാന ഏകീകരണത്തില്‍ വിശ്വാസികളെ ശ്രവിക്കാതിരുന്ന സിനഡ്; വിമര്‍ശവുമായി സത്യദീപം

കൊച്ചി: കുര്‍ബാന ഏകീകരണ വിഷയത്തില്‍ സിനഡ് നിലപാടിനെ വിമര്‍ശിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ബുധനാഴ്ച പുറത്തിറങ്ങിയ പുതിയ ലക്കം സത്യദീപത്തിന്റെ മുഖപ്രസംഗത്തിലാണ് സിനഡ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. വി. കുര്‍ബാനയുടെ ഏകീകരണവിഷയത്തില്‍ സിനഡ്, വിശ്വാസികളെ കേള്‍ക്കാതിരുന്നപ്പോള്‍, ക്രിസ്തു തള്ളിപ്പറഞ്ഞ വിജാതീയരുടെ യജമാനത്വശൈലി സഭയിലേക്ക് വന്നതിന്റെ സങ്കടമാണ് ലോകം കണ്ടത്.  മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനെ മാര്‍പാപ്പ ശ്രവിച്ചപ്പോള്‍ ''കുര്‍ബാനയര്‍പ്പണത്തെക്കുറിച്ചുള്ള സിനഡല്‍ തീരുമാനം നടപ്പാക്കുന്നതുവഴി ഉണ്ടാകാനിടയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളെ'' വിവേകപൂര്‍വ്വം വിലയിരുത്തപ്പെടുകയും അത് പൗരസ്ത്യ തിരുസംഘാധ്യക്ഷനായ കാര്‍ഡി. സാന്ദ്രിയുടെ കത്തിലൂടെ വ്യക്തമാക്കപ്പെടുകയും ചെയ്തുവെന്ന സത്യദീപം ചൂണ്ടിക്കാട്ടുന്നു

മുഖപ്രസംഗത്തിന്റെ പ്രസക്ത ഭാഗം:-

വി. കുര്‍ബാനയുടെ ഏകീകരണവിഷയത്തില്‍ സിനഡ്, വിശ്വാസികളെ കേള്‍ക്കാതിരുന്നപ്പോള്‍, ക്രിസ്തു തള്ളിപ്പറഞ്ഞ വിജാതീയരുടെ യജമാനത്വശൈലി സഭയിലേക്ക് വന്നതിന്റെ സങ്കടമാണ് ലോകം കണ്ടത്. അത് സഭയുടെ ഔദ്യോഗിക നേതൃത്വം കാണാതെ പോയതിലുള്ള വിലാപമാണ് (സൈബര്‍) തെരുവുകളെ ബഹളമയമാക്കിയത്. എന്നാല്‍ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനെ മാര്‍പാപ്പ ശ്രവിച്ചപ്പോള്‍ ''കുര്‍ ബാനയര്‍പ്പണത്തെക്കുറിച്ചുള്ള സിനഡല്‍ തീരുമാനം നടപ്പാക്കുന്നതുവഴി ഉണ്ടാകാനിടയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളെ'' വിവേകപൂര്‍വ്വം വിലയിരുത്തപ്പെടുകയും അത് പൗരസ്ത്യ തിരുസംഘാധ്യക്ഷനായ കാര്‍ഡി. സാന്ദ്രിയുടെ കത്തിലൂടെ വ്യക്തമാക്കപ്പെടുകയും ചെയ്തു.
ഐക്യം പുറത്തുനിന്നും അകത്തു പ്രവേശിക്കുന്നതല്ല, അകത്ത് പൂവണിഞ്ഞ് പുറത്തു സൗരഭ്യം പരത്തുന്നതാണ്. അത് തിരിച്ചറിയാനാകാത്തതിനാലാണ് ഐകരൂപ്യത്തിന്റെ അച്ചടക്ക ഖണ്ഡഗമുയര്‍ത്തി അനുസരണത്തെ ആധിപത്യത്തിന്റെ മര്‍ദ്ദനോപകരണമാക്കാനുദ്യമിച്ചത്. മറ്റുള്ളവരുടെ സങ്കടങ്ങളില്‍ ഉരുകുന്ന പിതാക്കന്മാര്‍ വേണം; 'ഉരുക്കു' മെത്രാന്മാരെ ക്രിസ്തുവിന്റെ സഭയ്ക്ക് ആവശ്യമില്ല. ചര്‍ച്ചകളെ ഭയക്കുന്നതെന്തിനാണ്? 'ഭിന്നിതമായ സമൂഹത്തെ അനുരഞ്ജനപാതയിലൂടെ നയിക്കുന്ന മെത്രാന്മാര്‍ ദൈവപുത്രരാകുന്ന അഷ്ഠഭാഗ്യത്തെക്കുറിച്ച്' ഈയിടെ ഇറ്റാലിയന്‍ മെത്രാന്‍സംഘത്തോട് പാപ്പ പറഞ്ഞത് നമ്മുടെ പിതാക്കന്മാര്‍ക്ക് മനസ്സിലാ കാത്തതാണോ? ആടിന്റെ മണമുള്ള ഇടയന്‍ വത്തിക്കാനില്‍ മാത്രം മതിയോ?
സഭാചരിത്രം പരിശോധിച്ചാലറിയാം പരിശുദ്ധ സൂനഹദോസുകളില്‍ അത്ര പവിത്രമല്ലാത്ത പലതും നടന്നിട്ടുണ്ട്. ഉദയംപേരൂര്‍ സൂനഹദോസിലെ കാനോനകളില്‍ പലതിലും അധിനിവേശത്തിന്റെ ആഘോഷമായ തീര്‍പ്പുകള്‍ കാണാം. ശീശ്മയെന്ന് ആരോപിച്ച് തള്ളിപ്പറഞ്ഞവയിലധികവും ഭാഷാ പ്രശ്നത്താല്‍ മനസ്സിലാകാതെ പോയ വെളിപാടുകളായിരുന്നുവെന്ന് സഭ പിന്നീട് കുറ്റബോധത്തോടെ വെളിപ്പെടുത്തിയിട്ടുണ്ട്. നെസ്തോറിയന്റെ അനാഫറ സീറോ മലബാര്‍ ആരാധനാക്രമത്തിന്റെ ഭാഗമായത് അത്തരമൊരു തിരിച്ചറിവിന്റെയും വീണ്ടെടുപ്പിന്റെയും നല്ല തെളിവാണ്. കാനന്‍ 1538 ന്റെ ഒഴിവനുവാദം ആരാധനക്രമ വിഷയത്തില്‍ പരിമിതപ്പെട്ടിരിക്കുന്നുവെന്ന തെറ്റിദ്ധാരണ സിനഡിനകത്തും പുറത്തും പരത്തിയതാണ് പവിത്രമല്ലാത്ത പരിപാടികളില്‍ ഒടുവിലത്തേത്.


മാര്‍പാപ്പയുടെ പ്രത്യേക ഇടപെടലിലൂടെ 'പുനഃസ്ഥാപിക്കപ്പെട്ട' ഈ ഒഴിവവകാശം ജനാഭിമുഖ കുര്‍ബാന ആഗ്രഹിക്കുന്ന മറ്റ് രൂപതകള്‍ക്ക് അനുവദിക്കുമോ എന്നാണറിയേണ്ടത്. വിശ്വാസികളെ കേട്ട് തന്നെയാണ് സൂനഹദോസുകള്‍ വിശുദ്ധമാകേണ്ടത്.
കൂടെ നടക്കുന്ന സൗഹാര്‍ദ്ദശൈലിയുടെ പുനഃപ്രതിഷ്ഠയ്ക്കായി ഫ്രാന്‍ സിസ് പാപ്പയുടെ നേതൃത്വത്തില്‍ സാര്‍വ്വത്രിക മെത്രാന്‍ സിനഡിനായി ആഗോള സഭയൊരുങ്ങുമ്പോള്‍, വിശ്വാസികള്‍ക്ക് പുറംതിരിയുന്ന സീറോ മലബാര്‍ സിനഡ് ആത്മപരിശോധന ചെയ്യണം. ഒരുക്കത്തിന്റെ ഔപചാരിക ഉദ്ഘാടനച്ചടങ്ങല്ലാതെ മറ്റെന്തെങ്കിലും ഇവിടെ ഇതുവരെയും നടന്നതായി അറിയില്ല. പ്രാദേശിക സഭാതലത്തില്‍ ആശയരൂപീകരണത്തിനുള്ള സമയപരിധി പാപ്പ നീട്ടി നല്കിയത് അടിത്തട്ട് തൊടുന്ന വിശാല ചര്‍ച്ചകളെ സത്യമാക്കാനാണ്. സംഭാഷണങ്ങള്‍ തന്നെയാണ് സത്യത്തിലേക്കുള്ള വഴി; സിനഡല്‍ സഭയിലേക്കും.
മറച്ചു പിടിച്ചും, മാറ്റിപ്പറഞ്ഞും ഐക്യത്തെ സാധ്യമാക്കാനാവില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. തെരുവില്‍ തല്ലുന്നത് ശത്രുക്കളല്ല സഭാ മക്കള്‍ തന്നെയെന്ന് നേതൃത്വം തിരിച്ചറിയണം. ഇന്നലെ വരെയും ഒരേ വി. കുര്‍ബാനയില്‍ ഒന്നായിരുന്നവര്‍ തന്നെയാണവര്‍...! വിഭജിച്ച് ഭരിക്കാനല്ല, വിഭജിച്ച് വിളമ്പാനാണ് വി. കുര്‍ബാന, മറക്കരുത്.- സത്യദീപം ഓര്‍മ്മിപ്പിക്കുന്നു.

Mr Kna 2021-12-02 23:37:38
This is exactly what the Syro Bishops and Synod are doing to Knanaya Catholics. They are lording over them and denying their dues. So, no peace in Syro church. God is a Just God
PSYCHO FAITH 2021-12-03 10:33:18
സ്നേഹം, കരുണ, അന്യനോടുള്ള കരുതൽ, ദേഷ്യം, അക്രമം ഇതെല്ലാം മനുഷ്യസഹജമായ കാര്യങ്ങളാണ്. മതവിശ്വാസികളാണ് എങ്കിലും, അല്ല എങ്കിലും ഇതൊക്കെ തന്നെയാണ് മനുഷ്യനിൽ പ്രകടമാകുന്നത്. പക്ഷേ അതേസമയം മതത്തിൻറെ സ്വാധീനം അളവിൽ അധികമായി മനുഷ്യനെ കൂടുതൽ Psycho ആക്കും. അക്രമാസക്തൻ ആക്കും, മതത്തിൻറെ പേരിൽ ഉള്ള അസഹിഷ്ണുത, തെറി വിളി, മതത്തിൻറെ പേരിൽ ഉള്ള കൊലപാതകങ്ങൾ, സ്ഫോടനങ്ങൾ എന്നിവയിലേക്ക് നീളും... അന്ധമായി വിശ്വസിക്കുക എന്നതാണ് മതത്തിൻറെ അടിസ്ഥാനം, അപ്പോൾ മതം മനുഷ്യൻറെ ചിന്തിക്കാനുള്ള കഴിവിനെ കൂടെ ബാധിക്കും -naradhan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക