കെഎഎസ് ശമ്പളം കൂടുതല്‍ ; പ്രതിഷേധവുമായി ഐപിഎസ് -ഐഎഎസ് അസോസിയേഷന്‍

ജോബിന്‍സ് Published on 03 December, 2021
കെഎഎസ് ശമ്പളം കൂടുതല്‍ ; പ്രതിഷേധവുമായി ഐപിഎസ് -ഐഎഎസ് അസോസിയേഷന്‍
സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആവിഷ്‌ക്കരിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിനെ ചൊല്ലി തുടക്കത്തില്‍ തന്നെ വിവാദങ്ങളുയരുന്നു. ആദ്യ ബാച്ചിന്റെ റാങ്ക് ലിസ്റ്റ് വന്ന് നിയമന മടപടികള്‍ പുരോഗമിക്കവെയാണ് ഇതനൊപ്പം വിവാദങ്ങളും തലപൊക്കുന്നത്. 

കെഎഎസ് വഴി നിയമനം ലഭിക്കുന്നവര്‍ക്ക് വളരെ ഉയര്‍ന്ന ശമ്പളമാണ് നല്‍കുന്നതെന്നാണ് പ്രധാന ആരോപണം. സംസ്ഥാനത്തെ ഐഎഎസ് അസോസിയേഷനും ഐപിഎസ് അസോസിയേഷനുമാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. 

കെഎഎസ് ശമ്പളം ഐഎഎസ് തുടക്ക ശമ്പളത്തെക്കാള്‍ കൂടുതല്‍ എന്നാണ് പരാതി. ഇതു സംബന്ധിച്ച് അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കെഎഎസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 81800 രൂപയായി ആണ് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. 

കൂടാതെ ഡിഎ, എച്ച്ആര്‍എ എന്നിവയും പത്ത് ശതമാനം ഗ്രേഡും അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുന്‍ സര്‍വ്വീസില്‍ നിന്നും കെഎഎസ്സില്‍ പ്രവേശിക്കുന്നവര്‍ക്ക് പരിശീലന സമയത്ത് അവസാനം ലഭിച്ച ശമ്പളമോ അല്ലെങ്കില്‍ 81800 രൂപയോ നല്‍കും.

ഐഎഎസുകാര്‍ക്ക് പരിശീലന കാലയളവില്‍ കിട്ടുന്നത് 51,600 രൂപയാണ്. പിന്നീട് അവര്‍ക്ക് ക്ഷാമബത്തയൊക്കെ ചേര്‍ത്ത് കിട്ടുന്ന തുക 74000 രൂപയാണ്. കെഎഎസുകാര്‍ ജില്ലാ കളക്ടറുടെ കീഴിലൊക്കെ ജോലി ചെയ്യുന്ന സമയത്ത് അവര്‍ക്ക് ലഭിക്കാനിരിക്കുന്ന ശമ്പളമാകട്ടെ ഒരു ലക്ഷത്തിനു മേലെയാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥനെക്കാള്‍ ശമ്പളം അതിനു താഴെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന സ്ഥിതിയുണ്ടാകും. ഈ അപാകത പരിഹരിക്കണമെന്നുള്ളതാണ് ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകളുടെ ആവശ്യം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക