വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവം ; രണ്ട് പേര്‍ പിടിയില്‍

ജോബിന്‍സ് Published on 03 December, 2021
വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവം ;  രണ്ട് പേര്‍ പിടിയില്‍
വയനാട് കമ്പളക്കാട്ട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കമ്പളക്കാട് വണ്ടിയാമ്പറ്റ പൂളക്കൊല്ലി കോളനിയിലെ ചന്ദ്രന്‍, ലിനീഷ് എന്നിവരാണ് കമ്പളക്കാട് പൊലീസിന്റെ പിടിയിലായത്. കാട്ടുപന്നിയെന്ന് കരുതിയാണ് വെടി വെച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നെല്‍വയലില്‍ കാവലിരുന്ന കോട്ടത്തറ സ്വദേശിയായ ജയന്‍ വെടിയേറ്റ് മരിച്ചത്. കോട്ടത്തറയില്‍ നിന്ന് വണ്ടിയാമ്പറ്റയിലെത്തി ഇവരുടെ ഉടമസ്ഥതയിലുള്ള നെല്‍വയലിന് കാവലിരിക്കാന്‍ എത്തിയതായിരുന്നു നാലംഗ സംഘം. ഇവിടെ വെച്ചാണ് വെടിയേറ്റത്. കാട്ടുപന്നിയെ വേട്ടയാടാന്‍ ഇറങ്ങിയവര്‍ പന്നിയാണെന്ന് കരുതിയാണ് വെടിവെച്ചത്.

ജയനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൂടെ ഉണ്ടായിരുന്ന ബന്ധുവായ ശരത്തിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ജയന്റെ മൃതദേഹത്തില്‍ നിന്നും പരിക്കേറ്റ ശരത്തിന്റെ ദേഹത്ത് നിന്നും ഓരോ വെടിയുണ്ടകള്‍ കണ്ടെടുത്തിരുന്നു. ജയന് വെടിയേറ്റത് ദൂരെ നിന്ന് ആണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക