കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

ജോബിന്‍സ് Published on 03 December, 2021
കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മടങ്ങിവരുന്നു. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്. 2020  നവംബര്‍ പത്തിനാണ് ആരോഗ്യ കാരണം പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്.

കള്ളപണം വെളുപ്പിക്കല്‍ കേസില്‍ മകന്‍ ബിനീഷ് കോടിയേരി ജയിലിലായതിന് പിന്നാലെയായിരുന്നു കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. കേസില്‍ ബിനീഷിന് ജാമ്യം ലഭിച്ചതിന് പിന്നാലെ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.

തദ്ദേശതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി 2020 നവംബര്‍ പത്തിനാണ് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. കോടിയേരിക്ക് പകരക്കാരനായി പല പേരുകളും ഉയര്‍ന്നു കേട്ടെങ്കിലും കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവന് ആക്ടിംഗ് സെക്രട്ടറിയുടെ ചുമതല നല്‍കുകയായിരുന്നു സിപിഎം  നേതൃത്വം ചെയ്തത്. തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നണി മികച്ച വിജയം നേടുമ്പോള്‍ പാര്‍ട്ടിക്ക് സ്ഥിരം സെക്രട്ടറിയുണ്ടായിരുന്നില്ല. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണ്ണയത്തിലും തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം സ്ഥനമാനങ്ങള്‍ പങ്കുവെയ്ക്കുന്ന മുന്നണി ചര്‍ച്ചകളിലും സിപിഎം മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിലും പിണറായിക്കൊപ്പം നിന്ന് മുഖ്യ പങ്ക് വഹിച്ച നേതാവായിരുന്നു മുന്‍ ആഭ്യന്തര മന്ത്രികൂടിയായ കോടിയേരി ബാലകൃഷ്ണന്‍. 

സംസ്ഥാന സിപിഎം രാഷ്ട്രീയത്തില്‍ ഭരണത്തിന്റെ കടിഞ്ഞാണ്‍ പിണറായി വിജയന്റെയും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കോടിയേരിയുടേയും കൈകകളിലാകുമ്പോള്‍ ഈ സമ്മേളനകാലത്തടക്കം പാര്‍ട്ടിക്കിത് കൂടുതല്‍ കരുത്താവുമെന്നാണ് കരുതുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക