പിണറായിയുടെ കരങ്ങള്‍ക്ക് ഇരട്ടിക്കരുത്താകാന്‍ വീണ്ടും കോടിയേരി എത്തുമ്പോള്‍

ജോബിന്‍സ് Published on 03 December, 2021
പിണറായിയുടെ കരങ്ങള്‍ക്ക് ഇരട്ടിക്കരുത്താകാന്‍ വീണ്ടും കോടിയേരി എത്തുമ്പോള്‍
മഹാരോഗവും മക്കളായി ഉണ്ടാക്കിയ പ്രശ്‌നങ്ങളും ഒന്നു ചേരുമ്പോള്‍ തളരേണ്ടതാണ് ഏതൊരു സാധാരണക്കാരന്റേയും ശരീരവും ഒപ്പം മനസ്സും എന്നാല്‍ വര്‍ഗ്ഗ സമരങ്ങളുടെ തീച്ചുളയില്‍ കടഞ്ഞെടുത്ത കോടിയേരിക്കാരന്‍ ബാലകൃഷ്ണന്‍ എന്ന കമ്യൂണിസ്റ്റുകാരനെ തളര്‍ത്താനോ തകര്‍ക്കാനോ ഇതിനൊന്നും സാധിച്ചില്ല. 

പാര്‍ട്ടി അധികാരത്തിലിരിക്കുമ്പോള്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകരുതെന്ന് നിര്‍ബന്ധമുള്ള കോടിയേരി 2020 നവംബറില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചു. 

എന്നാല്‍ പാര്‍ട്ടിക്കും അതിലുപരി കേരളത്തിലെ പാര്‍ട്ടിയുടെ അവസാനവാക്കായ പിണറായിക്കും കോടിയേരി എന്ന കമ്മു്യൂണിസ്റ്റ് നേതാവില്‍ അത്രമേല്‍ വിശ്വാസമുണ്ടായിരുന്നു. അതു കൊണ്ടാണ് പാര്‍ട്ടി തീര്‍ത്തു പറഞ്ഞത് സ്ഥാനമൊഴിയേണ്ട അവധി മതി. 

അവധി അവസാനിപ്പിച്ച് സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തിലെ പാര്‍ട്ടിയുടെ അമരക്കാരനായി മടങ്ങിയെത്തുമ്പോള്‍ അത് ഭരണത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന പിണറായിക്കും ഇരട്ടി കരുത്താണ് നല്‍കുന്നത്. 
സിപിഎമ്മില്‍ എന്നും സൗമ്യനും,സംഘാടകനും,മാന്യനും,മിടുക്കനുമാണ്  കോടിയേരി. എന്നാല്‍ ഉത്തരവാദിത്വങ്ങളില്‍ കാര്‍ക്കശ്യക്കാരന്‍.

തലശ്ശേരി ഗവണ്‍മെന്റ് ഓണിയന്‍ ഹൈസ്‌കൂളിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ കാലം മുതല്‍ രാഷ്ട്രീയത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ  നേതാവ് പിണറായി വിജയനാണ്. അന്നും ഇന്നും അതില്‍ മാറ്റമില്ല. 37-ാം വയസ്സില്‍ കണ്ണൂരിലെ പാര്‍ട്ടിയെ നയിച്ചയാളാണ് കോടിയേരി. പ്രതിസന്ധികളെ ഒരുപാട് നേരിട്ടയാള്‍. 

തളര്‍ച്ചയിലും വളര്‍ച്ചയിലും പാര്‍ട്ടിയെ ഒരു കുടക്കീഴില്‍ ഒന്നിച്ചു നിര്‍ത്താന്‍ കഴിയുമെന്ന് തെളിയിച്ചയാള്‍. അതെ പാര്‍ട്ടി മറ്റൊരു സമ്മേളന കാലത്തിലൂടെ കടന്നു പോകുമ്പോള്‍ ചരിത്രം തിരുത്തിയെഴുതിയ തുടര്‍ഭരണത്തിന്റെ നാളുകളില്‍ പാര്‍ട്ടിയെ നയിക്കാന്‍ യോഗ്യന്‍ കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക