വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 03 December, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)
കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മടങ്ങിവരുന്നു. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്. 2020  നവംബര്‍ പത്തിനാണ് ആരോഗ്യ കാരണം പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിഞ്ഞത്.
********************************
കോവിഡ് വാക്സിനായ കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച ഉത്തരവ് റദ്ദാക്കി. മുമ്പ് സിംഗിള്‍ ബെഞ്ചായിരുന്നു ഇടവേള കുറച്ചത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ അപ്പീലില്‍ ഡിവിഷന്‍ ബഞ്ചാണ് ഇടവേള കുറച്ച ഉത്തരവ് റദ്ദാക്കിയത്. 
********************************
യുകെയില്‍ നിന്നെത്തിയ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട്ടെ ഡോക്ടറുടെ സ്രവം ഒമിക്രോണ്‍ പരിശോധനക്കയച്ചു. കഴിഞ്ഞ മാസം 21 ന് ആണ് ഡോക്ടര്‍ കോഴിക്കോട് എത്തിയത്. 26ന് ഇദ്ദേഹത്തിനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇരുവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.
**********************************
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യത്യസ്ത ആശയങ്ങള്‍ പ്രകടിപ്പിക്കേണ്ടത് ജീവനെടുത്തുകൊണ്ടല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
*****************************
ഒമിക്രോണ്‍  ആശങ്ക ശക്തമാവുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ്  നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കും. നേരത്തെ കേരളവും കര്‍ണാടകയും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങള്‍ ബൂസ്റ്റര്‍ ഡോസ് എന്നൊരു ആവശ്യം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു.
****************************
സിപിഎം  പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ഹീനവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായും കൊലപാതകത്തിലേക്ക് നയിച്ച കാരണം അന്വേഷിച്ച് പുറത്ത് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 
********************************
വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനം പിഎസ്‌സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിന് മുസ്ലീം ലീഗ് . നിയമനം പിഎസ്സിക്ക് വിട്ട നടപടി പിന്‍വലിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. കേരളത്തില്‍ മാത്രമല്ല രാജ്യത്താകെ പ്രത്യാഘാതമുണ്ടാകുമെന്നും നിലപാടില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ലീഗ് വ്യക്തമാക്കി.
****************************************
മുന്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദാക്കി. ആര്‍ പ്രശാന്തിന്റെ നിയമനമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഉത്തരവ്. പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു പ്രശാന്തിന്റെ നിയമനം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക