ചുമരിലെ ചിത്രം: കവിത, മിനി സുരേഷ്

Published on 03 December, 2021
ചുമരിലെ ചിത്രം: കവിത, മിനി സുരേഷ്


ഓലമേഞ്ഞുള്ളൊരു കൊച്ചുവീട്
പഴമയോതും വീടിൻ കോലായിൽ
അച്ഛനുമമ്മയും,ചേർന്നിരിപ്പു
മുറ്റത്ത് ഓടിക്കളിക്കുന്നു
മൂന്നു ഓമൽക്കിടാങ്ങൾ

തരുനിരകളഴകുചാർത്തും തൊടിയിൽ
പുതു പുലരി കൺതുറന്നെത്തുന്നു.
നന്മ തന്നാർദ്രസ്മിതം തൂകി
നിറവാനിൽ പാറുന്നു പക്ഷികളും

കുന്നിൻ ചരിവിലെ പൂക്കാമരത്തിൽ
ഏതോ പേരറിയാക്കിളി പാടിടുന്നു
കളകളം പാടും പുഴയിൽ
തണുതണുത്തൊരു കാറ്റിൻ ലയത്തിൽ
മെല്ലെ ചലിക്കുന്നു കെട്ടുവള്ളം
കണ്ണിനിമ്പം പകരും പുഷ്പങ്ങളും
വേലിക്കരികിൽ ചിരി തൂകിടുന്നു
എത്ര മനോഹരമീ വർണ്ണചിത്രം
ഗ്രാമഭംഗി ചാലിച്ച നന്മചിത്രം.

നഷ്ടമായിന്നീ നാടിൻ ശാലീനത
വിദൂര സഞ്ചാരവീഥിയിൽ
അതെന്നോ മറഞ്ഞുപോയി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക