കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി രാഹുല്‍ ഗാന്ധി; പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ പുറത്തുവിട്ടു

Published on 03 December, 2021
കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി രാഹുല്‍ ഗാന്ധി; പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: കര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമരഭൂമിയില്‍ ജീവന്‍ നഷ്ടമായ കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം 
തയ്യാറല്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.  പ്രതിഷേധത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ കൈവശമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തെ ശക്തമായി വിമര്‍ശിച്ച രാഹുല്‍ പഞ്ചാബില്‍ മരണപ്പെട്ട 400ലേറെ കര്‍ഷകരുടെ വിവരങ്ങളും ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. സമരഭൂമിയില്‍ ജീവന്‍ വെടിഞ്ഞതിന് പഞ്ചാബ് സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയ കര്‍ഷകരുടെ വിവരങ്ങളാണ് രാഹുല്‍ പുറത്തുവിട്ടത്. ഇതോടൊപ്പം മറ്റുസംസ്ഥാനങ്ങളില്‍ മരണപ്പെട്ട 200ലേറെ കര്‍ഷകരുടെ കണക്കുകളും രാഹുല്‍ വിശദീകരിച്ചു. 

ഈ വിവരങ്ങളെല്ലാം പൊതുമധ്യത്തില്‍ ലഭ്യമാണെന്നും തിങ്കളാഴ്ച ലോക്സഭയില്‍ ഈ വിവരങ്ങള്‍ മേശപ്പുറത്തുവയ്ക്കുമെന്നും രാഹുല്‍ പറഞ്ഞു. മരണപ്പെട്ട കര്‍ഷകരുടെ വിവരങ്ങള്‍ തങ്ങളുടെ കൈവശമില്ലെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ വിവരങ്ങള്‍ ലഭ്യമായിട്ടും അവ കേന്ദ്രം സ്വീകരിച്ചിട്ടില്ല എന്നതാണ് സത്യം. മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളുടെ ആവശ്യങ്ങളില്‍ നടപടിയെടുക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക