Image

ആവേശമായി മാറുന്ന ആരിസോണയിലെ ഹിന്ദു മഹാസംഗമം

സുരേന്ദ്രൻ നായർ Published on 04 December, 2021
ആവേശമായി മാറുന്ന ആരിസോണയിലെ  ഹിന്ദു മഹാസംഗമം
വിശ്വമാനവികതയുടെ പ്രാക്തനമായ മന്ത്രങ്ങൾ ഉയരുന്ന മതാതീതമായ ആത്മീയത അനുഭവവേദ്യമാക്കുന്ന കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (KHNA) പതിനൊന്നാമത് ദ്വൈവാർഷിക സമ്മേളനത്തിനായി ചരിത്രമുറങ്ങുന്ന അരിസോണ അണിഞ്ഞൊരുങ്ങുന്നു.
ശാസ്ത്രം വസ്തുനിഷ്ഠമാണെങ്കിലും ആത്മനിഷ്ഠമാണെങ്കിലും ആത്യന്തിക സത്യം ആധ്യാത്മികത തന്നെയാണെന്ന് അവിടെ ആവർത്തിച്ചുറപ്പിക്കുന്നു. ഗൗരവകരമായ സത്യാന്വേഷണങ്ങളോടൊപ്പം ക്ഷേത്രങ്കണങ്ങളിൽ നിറഞ്ഞാടിയിരുന്ന പൗരാണിക ഇതിവൃത്ത കലകളുടെയും വാദ്യഘോഷങ്ങളുടെയും സാംസ്‌കാരിക പ്രകടനങ്ങളുടെയും വർണ്ണപ്രപഞ്ചം സൃഷ്ടിക്കുന്ന രാപ്പകലുകൾക്കു ഡിസംബർ 30 നു കൊടിയുയരുന്നു.

 വടക്കേ അമേരിക്കയിലെ നാനൂറോളം കുടുംബങ്ങളിൽ നിന്നും രണ്ടായിരത്തോളം അംഗങ്ങൾ സംഗമിക്കുന്ന മഹാ മാമാങ്കം കേരള ഗവർണർ ബഹു:ആരിഫ് മുഹമ്മദ് ഖാൻ, അമേരിക്കൻ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ‌ഭദ്രദീപം തെളിയിച്ചു ഉത്‌ഘാടനം ചെയ്യുന്നു. മലയാളത്തിലെ ജനപ്രിയ സിനിമാതാരം ജയറാമും വാദ്യവിശാരദൻ മട്ടന്നൂർ ശങ്കരൻ കുട്ടിയും കലാമണ്ഡലം ശിവദാസും നയിക്കുന്ന തൃത്തായമ്പക, ബിജു നാരായണനും ജ്യോത്സ്‌നയും ചേർന്ന് അവതരിപ്പിക്കുന്ന ചലചിത്ര ഗാനസന്ധ്യ, രചനാ നാരായണൻ കുട്ടിയുടെ നൃത്ത വിസ്മയം, അമേരിക്കൻ പ്രതിഭകൾ അണിനിരക്കുന്ന ഗാന മഞ്ജരി, സൂപ്പർ ഡാൻസർ സൂപ്പർ സിങ്ങർ വിജയികളുടെ അത്ഭുത പ്രകടനങ്ങൾ, കൂടാതെ ഹൈന്ദവ ധർമ്മ സങ്കൽപ്പങ്ങളുടെ ഉള്ളറകളും അവക്കെതിരെ ഉയരുന്ന രാഷ്ട്രീയ സാമൂഹ്യ വെല്ലുവിളികളും അവലോകനം ചെയ്യുന്ന പാനൽ ചർച്ചകൾ തുടങ്ങി എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കുവാനുള്ള നിരവധി മുഹൂർത്തങ്ങൾ അണിയറയിൽ ഒരുങ്ങുന്നു.

അമേരിക്കൻ ദേശീയതയെയും സാംസ്‌കാരിക വൈവിധ്യത്തെയും അടുത്തറിഞ്ഞുകൊണ്ടും ഭാരതീയ മൂല്യസങ്കല്പങ്ങളിൽ മായം ചേർക്കാതെയും വിജയങ്ങൾ കീഴടക്കാൻ മലയാളി യുവതീയുവാക്കളെ കർമ്മോൽസുകരാക്കുന്ന വിവിധ പരിശീലന പരിപാടികളും പ്രൊഫഷണൽ കൂട്ടായ്മകളും തികഞ്ഞ വൈദഗ്ധ്യത്തോടെ സമ്മേളനത്തിൽ സംഘടിപ്പിക്കുന്നു.

അമേരിക്കയിൽ അപൂർവ്വമായി ലഭിക്കുന്ന ഈ കൂട്ടുചേരലിൽ അനുഗ്രഹ പ്രഭാഷണത്തിനും ധർമ്മപരിപാലന ശിക്ഷണങ്ങൾക്കുമായി സ്വാമി ചിദാനന്ദ പുരി, ശക്തി ശാന്താനന്ദ മഹർഷി, സ്വാമി സ്വരൂപാനന്ദ, വിദ്യാസാഗർ ഗുരുമൂർത്തി തുടങ്ങിയ ആചാര്യന്മാരും മലയാളത്തിലെ സാംസ്‌കാരിക പ്രതിഭ സി. രാധാകൃഷ്ണനും എത്തിച്ചേരുന്നു.
   മഹാമാരിയുടെ വ്യാകുലതയിൽ നീട്ടിവെക്കപ്പെട്ട ഈ കൺവെൻഷന്റെ വിജയത്തിനായി രണ്ടു വർഷത്തിലേറെക്കാലമായി പ്രസിഡന്റ് ഡോ: സതീഷ് അമ്പാടിയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് അരവിന്ദ് പിള്ള ( ചിക്കാഗോ) സെക്രട്ടറി ഡോ: സുധിർ പ്രയാഗ ( സെയിന്റ് ലൂയിസ്) ട്രഷറർ ഡോ: ഗോപാലൻ നായർ ( ഫിനിക്സ്) ജോ: ട്രഷറർ ഡോ: ഗിരിജ രാഘവൻ ( ലോസ് ഏഞ്ചൽസ്) ജോ: സെക്രട്ടറി രാജീവ് ഭാസ്കരൻ ( ന്യൂയോർക്ക് )എന്നീ ഭാരവാഹികളും ഡയറക്ടർ ബോർഡും കൺവെൻഷൻ ചെയർമാൻ സുധീർ കൈതവനയുടെ നേതൃത്വത്തിൽ പന്ത്രണ്ടു റീജിയണൽ കമ്മിറ്റികളും ഇരുപതോളം സബ്‌കമ്മിറ്റികളും അക്ഷീണം പ്രവർത്തിച്ചുവരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക