ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് മരിച്ചു ജീവിക്കുന്നവരെക്കൂടിയാണ് ; കെ.കെ. രമ

ജോബിന്‍സ് Published on 04 December, 2021
ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് മരിച്ചു ജീവിക്കുന്നവരെക്കൂടിയാണ് ; കെ.കെ. രമ
സംസ്ഥാനത്ത് തുടര്‍ച്ചായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികരിച്ച് രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയായ ടിപി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ.കെ. രമ. ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് രക്തസാക്ഷികളെ മാത്രമല്ലെന്നും മരിച്ചു ജീവിക്കുന്ന കുടുംബങ്ങളെയും സുഹൃത്തുക്കളെയും കൂടിയാണെന്നും രമ പറയുന്നു. 

തിരുവല്ലയില്‍ കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ടുള്ള ഫേസ് ബുക്ക് പോസ്റ്റിലായിരുന്നു രമയുടെ പ്രതികരണം. ഒരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും അത് അവസാനത്തേതാകണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും അവര്‍ പറയുന്നു. 

കെ.കെ. രമയുടെ ഫേസ് ബുക്ക് കുറിപ്പിന്റ് പൂര്‍ണ്ണരൂപം

തിരുവല്ലയിലെ സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപ്കുമാറിന്റെ കൊലപാതകം ഏറെ അപലപനീയവും,ദുഃഖകരവുമാണ്. ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവന്‍ മരിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളെയും, സൗഹൃദങ്ങളെയും കൂടെയാണ്. 
സംഘപരിവാറാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം പറയുന്നത്.കൃത്യമായ അന്വേഷണം നടത്തി ഈ അക്രമിസംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പിന് കഴിയണം.
ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കുന്നൊരു സമൂഹത്തിന്റെ മുന്നിലേക്കാണ് നരാധമന്‍മാര്‍ വീണ്ടും വീണ്ടും വാളെടുക്കുന്നത്.
കൊലപാതകികളെ സംരക്ഷിക്കുകയും,അവര്‍   മഹാന്മാരാണെന്ന ബോധം സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത് അവസാനിപ്പിച്ചാല്‍ മാത്രമേ ഇത്തരം ക്രൂര കൊലപാതകങ്ങള്‍ അവസാനിക്കുകയുള്ളു.
സന്ദീപിന്റെ വിയോഗത്തില്‍ ആ കുടുംബത്തിനും,സുഹൃത്തുക്കള്‍ക്കും,നാടിനുമുണ്ടായ തീരാനഷ്ടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.
കെ.കെ.രമ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക