മറിയം സൂസൻ മാത്യുവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി 

Published on 04 December, 2021
മറിയം സൂസൻ മാത്യുവിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി 

മോണ്ട്ഗോമറി, അലബാമ: അകാലത്തിൽ പൊലിഞ്ഞ മറിയം സൂസൻ മാത്യുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒട്ടേറെ പേർ  മഗ്നോളിയ ഫ്യുണറൽ ചാപ്പലിൽ  എത്തി. വലിയ പ്രതീക്ഷകളുമായി അമേരിക്കയിൽ എത്തി മാസങ്ങൾക്കുള്ളിൽ വിടപറഞ്ഞ ആ ദുഃഖപുത്രിക്ക് സമൂഹത്തിന്റെ  അഞ്ജലി കണ്ണീരിൽ കുതിർന്നു. 

പത്തൊൻപതാം വയസിൽ വേർപെട്ട ആ കുരുന്നു ജീവന്റെ ഓർമ്മകൾ ചടങ്ങിനെയും അത് ലൈവ സ്ട്രീമിൽ വീക്ഷിച്ചവരെയും ദുഃഖത്തിലാഴ്ത്തി 

ഓർത്തഡോക്സ് വൈദികർ നയിച്ച ശുശ്രുഷയിൽ മനുഷ്യ ജീവന്റെ നിസ്സാരതയും നിത്യജീവനിലുള്ള പ്രത്യാശയും ചൂണ്ടിക്കാട്ടി. ഇത് അന്ത്യമല്ല , നിത്യജീവനിലേക്കുള്ള തുടക്കമാണ്. അതിനാൽ നിരാശരാകാതെ വീണ്ടും കാണുമെന്ന  പ്രത്യാശയിൽ ആശ്വാസം കൊള്ളുക. 

ശുശ്രുഷക്ക് അറ്റലാന്റ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് വൈദികൻ  റവ. ഫാ. ജോർജ് ടി. ഡാനിയൽ (ബെന്നി അച്ചൻ) നേതൃത്വം നൽകി. അറ്റലാന്റ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വൈദികൻ റവ. ഫാ. ഡോ. മാത്യു കോശി (ബിജു അച്ചൻ) ഒർലാണ്ടോയിൽ നിന്ന് വന്ന റവ. ഫാ. ജേക്കബ് മാത്യു, ഹുസ്റ്റണിൽ നിന്ന് വന്ന  റവ. ഫാ. ഡോ. വിസി. വർഗീസ്, റവ. ഫാ. ജോൺസൺ പുഞ്ചക്കോണം, റവ. ഫാ. ഐസക്ക് ബി. പ്രകാശ്, റവ. ഫാ. രാജേഷ് കെ. ജോൺ, റവ. ഫാ. ബിജോയ് സക്കറിയ  തുടങ്ങിയവർ സഹകാർമികരായി. 

തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ് മറിയം സൂസൻ മാത്യു. ബിമൽ, ബേസിൽ എന്നിവർ സഹോദരങ്ങളാണ്.

കുടുംബത്തിന് വേണ്ടി തോമസ് മരങ്ങോലി ചടങ്ങിൽ നന്ദി പറഞ്ഞു. ഈ മഹാ വ്യസനത്തിൽ സമാശ്വാസവുമായി എത്തിയ എല്ലാവരെയും കുടുംബം ഹൃദയപൂർവം അനുസ്മരിക്കുന്നതായി അദ്ദേഹം പറഞ്ഞു

മൃതദേഹം കേരളത്തിലേക്ക് കൊണ്ട് പോകും. നിരണം വടക്കുംഭാഗം സെൻറ് തോമസ് ഓർത്തോഡോക്സ്  ചർച്ചിൽ സംസ്കാരം നടത്തും.

ഇതേസമയം, വെടിവച്ച യുവാവിനെതിരെ നരഹത്യ ചാർജ് ചെയ്തിട്ടുണ്ട്. അയാൾ ജാമ്യത്തിലിറങ്ങി. അബദ്ധം സംഭവിച്ചതാണെന്നാണ് 18 വയസുള്ള വിദ്യാർത്ഥിയായ അയാൾ അവകാശപ്പെടുന്നത്. നേരത്തെ കുറ്റകൃത്യങ്ങളിൽ ഒന്നും അയാൾ ഉൾപ്പെട്ടിട്ടില്ല.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക