മോഡലുകളുടെ മരണം ; ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ഫോണുകള്‍ ഓഫ്

ജോബിന്‍സ് Published on 04 December, 2021
മോഡലുകളുടെ മരണം ; ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ഫോണുകള്‍ ഓഫ്
കൊച്ചിയില്‍ മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പിടിയിലായ സൈജു തങ്കച്ചന്‍ സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇദ്ദേഹത്തിനൊപ്പം ലഹരി പാര്‍ട്ടികളില്‍ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. 

ലഹരിപാര്‍ട്ടികളില്‍ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേര്‍ക്കെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പൊലീസ് കേസെടുത്തു. ഏഴ് പൊലീസ് സ്റ്റേഷനുകളിലായി  ആകെ 17 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും  ഭൂരിഭാഗം പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 

വാഹനാപകട കേസാണ് പോലീസ് അന്വേഷിച്ചു തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഇത് മയക്കുമരുന്ന് കേസിലേയ്ക്ക് മാറിയിരിക്കുകയാണ്. ലഹരിപാര്‍ട്ടികളുടേയും ഒപ്പം മയക്കുമരുന്ന് കഞ്ചാവ് ഉപയോഗത്തിന്റേയും നിരവധി ദൃശ്യങ്ങളാണ് സൈജുവിന്റെ ഫോണില്‍ നിന്നും പോലീസിന് ലഭിച്ചത്.

ഏഴ് യുവതികളടക്കം 17 പേരുടെ വിവരങ്ങള്‍ എഫ് ഐആറിലുണ്ട്. വീഡിയോ ദൃശ്യങ്ങളില്‍ കണ്ടാലറിയാവുന്ന സുഹൃത്തുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്. തൃക്കാക്കര,  ഇന്‍ഫോപാര്‍ക്ക്, ഫോര്‍ട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത് ,ഇടുക്കി ആനച്ചാല്‍ സ്റ്റേഷനുകളിലായാണ് 17 കേസുകള്‍ എടുത്തിട്ടുള്ളത്. മോഡലുകള്‍ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത നമ്പര്‍ 18 ഹോട്ടലില്‍ കഴിഞ്ഞ  വര്‍ഷം ഏപ്രിലില്‍ സൈജു മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ കേസും ഇതിലുള്‍പ്പെടും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക