എന്റെ ആത്മഹത്യ ഭീരുത്വത്തിന്റെ അടയാളമല്ല (കവിത: ദത്താത്രേയ ദത്തു)

ദത്താത്രേയ ദത്തു Published on 04 December, 2021
എന്റെ ആത്മഹത്യ ഭീരുത്വത്തിന്റെ അടയാളമല്ല (കവിത: ദത്താത്രേയ ദത്തു)
എന്റെ ആത്മഹത്യ
ഭീരുത്വത്തിന്റെ അടയാളമല്ല
ഉമിനീരിറക്കാതെ
ഒരു മാത്രയെങ്കിലും
എന്നിലേക്കൊന്ന്
ആവാഹിക്കപ്പെടാന്‍
ഞാന്‍ തന്നെ കളമെഴുതി
മുടിയഴിച്ചു
എന്റെ സ്വകാര്യതകളെ
ഉച്ചാടനം ചെയ്ത
മന്ത്രവാദത്തിന്റെ
കണ്‍ക്കെട്ട് വിദ്യയാണ്...
ഞെരിച്ചമര്‍ത്താന്‍ കയറിനെക്കാള്‍
മുറുക്കമുള്ള നാവിന്റെ
ഒരഗ്രം എന്റെ
ചെവിയിലേക്ക് തുളയിട്ട്
കെട്ടിയിട്ടുണ്ട്...
അതിനാല്‍ ഇനിയൊരു
പാശത്തുമ്പിന്റെ
കെട്ടിപ്പിടിക്കലില്‍ ഞാന്‍
സ്വസ്ഥമാകുകയില്ല .
ദിനംതോറും ഭുജിച്ചു
നിര്‍വീര്യമാക്കപ്പെട്ടൊരു
വിഷം എന്റെ കരളിനെ
നീലപ്പട്ടുടുപ്പാല്‍
ചമച്ചിരുത്തിയിട്ടുണ്ട്..
ഇനിയൊരു കാകോളത്താല്‍
എനിക്ക് കുമിള പെരുക്കേണ്ട...
ഞാന്‍ പെറ്റിട്ട കുഞ്ഞാണ്
കടലെന്നിരിക്കെ
അവളുടെ നാഭിയിലേക്കൊളിച്ച്
പാകത്തിനുപ്പ് നോക്കാന്‍
അമ്മമനം മടിക്കുന്നുണ്ട്...
എരിയുന്ന തീയേക്കാള്‍
പൊള്ളല്‍ ഉള്ളിലുണ്ടെന്ന്
പിറുപ്പിറുത്തൊരു സതി
എന്നിലേക്ക് ചാടി
ആത്മത്യാഗം വിതച്ചിട്ടുണ്ട്..
പിന്നെയൊരഗ്‌നിക്കുമെന്നെ
തിന്നുവാന്‍ വിശന്നിട്ടില്ല....
എന്റെ ആത്മഹത്യക്ക്
നിങ്ങള്‍ കരുതുന്ന
പോലൊരു
വൃത്തവും പ്രാസവും
ഉണ്ടാകില്ല...
ഞാന്‍ എന്നില്‍ തന്നെയാണ്
ആത്മഹത്യ ചെയ്യാറ്..
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക