Image

ഔദാര്യത്തിനല്ല, അവകാശങ്ങള്‍ക്കായാണ് ജനം വരുന്നത്; ഉദ്യോഗസ്ഥ നിലപാടുകൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Published on 04 December, 2021
  ഔദാര്യത്തിനല്ല, അവകാശങ്ങള്‍ക്കായാണ് ജനം വരുന്നത്; ഉദ്യോഗസ്ഥ നിലപാടുകൾക്കെതിരെ  രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ജനങ്ങളോടുള്ള സമീപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ സ്ഥാപനങ്ങളില്‍ വരുന്നത് ആരുടെയും ഔദാര്യത്തിനല്ലെന്നും, അവരുടെ അവകാശത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. 

ജനങ്ങളോട് ആരോഗ്യപരമായ സമീപനം ഉണ്ടാകുന്നില്ല. ജനസേവനമാണ് ചെയ്യുന്നത് എന്ന ബോധം വേണം. കസേരയിലിരിക്കുന്നത് ജനങ്ങളെ വിഷമിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ അല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള മുന്‍സിപ്പല്‍ -കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്.

ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി വരുമ്പോള്‍ അവരെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. ആവശ്യങ്ങള്‍ അറിയിച്ച് ഏറെ നാളായി വാതില്‍ മുട്ടിയിട്ടും തുറക്കാത്തവരുടെ ലക്ഷ്യം വേറെയാണ്. അത്തരക്കാര്‍ക്ക് ഒരിക്കല്‍ പിടി വീഴും. അവര്‍ പിന്നെ ഇരിക്കുന്നത് ആ കസേരയില്‍ ആയിരിക്കില്ലെന്നും, അവരുടെ താമസം എവിടെയാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ജീവനക്കാരും അത്തരക്കാരല്ല. എന്നാല്‍ അത്തരത്തില്‍ ഉള്ളവരും ഉണ്ട്. ചില ജീവനക്കാരുടെ സമീപനം സംസ്ഥാനത്തിന്റെ പൊതു സ്വഭാവത്തിന് ചേരാത്തതാണ്. ഇക്കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുകയും തിരുത്തുകയും വേണം. ജനങ്ങള്‍ക്ക് ചെയ്ത് കൊടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക് മുടക്ക് കാണിക്കാന്‍ പാടില്ല. സ്ഥാപനങ്ങളില്‍ അഴിമതി അനുവദിക്കില്ല.  

തൊഴില്‍ നല്‍കുന്ന സ്ഥാപനവുമായി വരുന്ന ആളുകളെ നിരാശരാക്കി പറഞ്ഞ് വിടരുത്. അവരെ ശത്രുക്കളായി കാണുന്ന പ്രവണതയുണ്ട്. ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ വരുന്നവരെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക