ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്.
വിഷയത്തില്‍ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചെറുതോണിയില്‍ ഡീന്‍ കുര്യാക്കോസ് എം.പിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശന്.
മുല്ലപ്പെരിയാറിനെക്കുറിച്ച് കേരളം സമ്ബൂര്‍ണ അജ്ഞതയിലാണ്. തമിഴ്നാടിന് ജലം നല്‍കുന്നതിന് എതിരല്ല. എന്നാല്‍ പുതിയ ഡാം നിര്‍മിക്കുകയാണ് പ്രശ്നത്തിന് പരിഹാരം. മുല്ലപ്പെരിയാറിനെ കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ പോലും കേരളത്തിന്റെ കയ്യിലില്ല.
ബേബി ഡാം ശക്തിപ്പെടുത്താന്‍ ആണ് മരമുറിക്കുന്നത്. അതിലൂടെ ജലനിരപ്പ് 152 അടിയാക്കാന്‍ ആണ് തമിഴ്നാടിന്റെ ശ്രമം. മരം മുറിക്ക് അനുമതി നല്‍കിയതിലൂടെ കേരളം കേസ് ദുര്ബലമാക്കുകയായിരുന്നെന്നും വി.ഡി സതീശന് ആരോപിച്ചു.
അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാര്‍ കാണാത്ത രേഖകള്‍ പ്രതിപക്ഷത്തിന്റെ കയ്യിലുണ്ട്. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാത്ത രണ്ട് മന്ത്രിമാര്‍ എന്തിനാണ് മന്ത്രി കസേരയില്‍ ഇരിക്കുന്നതെന്നും വി.ഡി സതീശന് ചോദിച്ചു