പറഞ്ഞു കേൾക്കുന്ന അത്രയും മോശമല്ല മരക്കാർ; പിന്നെ സംവിധായകന് പിഴച്ചത് എവിടെ?

Published on 05 December, 2021
പറഞ്ഞു കേൾക്കുന്ന അത്രയും മോശമല്ല മരക്കാർ; പിന്നെ സംവിധായകന് പിഴച്ചത് എവിടെ?
പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്മാണ്ഡ സിനിമ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' നീണ്ട വിവാദങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ഡിസംബര്‍ 2-നാണ് തിയറ്റര്‍ റിലീസ് ചെയ്തത്. 100 കോടിക്കടുത്ത് മുതല്‍മുടക്കും, ലോകോത്തര ടെക്‌നീഷ്യന്മാരുടെ സഹായത്തോടെയുള്ള വിഎഫ്എക്‌സ് രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമെന്നതിനാല്‍ ഒടിടി റിലീസ് എന്ന നേരത്തെയുള്ള പ്രഖ്യാപനം പിന്‍വലിച്ച് തിയറ്റര്‍ റിലീസിന് തന്നെ നിര്‍മ്മാതാക്കള്‍ തയ്യാറെടുത്തത് ആരാധകരെ ഏറെ ആവേശത്തിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്നും, അതേസമയം ഇമോഷണല്‍ ഡ്രാമാ വിഭാഗത്തില്‍ പെടുത്താവുന്ന ക്ലാസിക് ആണ് ചിത്രമെന്നുമെല്ലാം സോഷ്യല്‍ മീഡിയയിലും മറ്റും അഭിപ്രായമുയര്‍ന്നുകഴിഞ്ഞു. മരക്കാര്‍ നിരാശപ്പെടുത്തിയോ? നമുക്ക് പരിശോധിക്കാം.

ആദ്യമായി മരക്കാറെ കുറിച്ച് പറയാനുള്ളത് ഒറ്റ വാചകത്തില്‍ പറയാം- ദുര്‍ബ്ബലമായ തിരക്കഥ, കഥാപാത്രങ്ങള്‍, സംഭാഷണം എന്നിവ മികച്ച ഒരു സിനിമാറ്റിക് അനുഭവം നല്‍കുന്നതില്‍ നിന്നും മരക്കാറിനെ അകറ്റുന്നു എന്നത് സത്യമാണ്. അതേസമയം ഒരു വളരെ മോശം സിനിമയാണ് മരക്കാര്‍ എന്ന് ഒരിക്കലും പറയാനാകില്ല. പിന്നെ എവിടെയാണ് സിനിമയ്ക്ക് പിഴച്ചത്?

തിരക്കഥ തന്നെയാണ് മരക്കാറിനെ പ്രതീക്ഷകള്‍ക്ക് താഴെ നിര്‍ത്താന്‍ പ്രധാന കാരണമായത്. അതുപക്ഷേ സംവിധായകന്റെയും, തിരക്കഥാകൃത്തുക്കളുടെയും മാത്രം കുറ്റമല്ല. കാരണം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഒട്ടുമിക്ക നായകന്മാരുടെയും അതേ അനുഭവമാണ് മരക്കാര്‍ക്കും ഉണ്ടായിട്ടുള്ളത്- ബ്രിട്ടിഷ്, പോര്‍ച്ചുഗീസ് അധിനിവേശ ശക്തികളോട് പൊരുതി വീരചരമം ഏറ്റുവാങ്ങിയ ഒരുപിടി യോദ്ധാക്കള്‍ നമുക്കുണ്ട്. 2010-ല്‍ ഹരിഹരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'പഴശ്ശിരാജ,' ബ്രിട്ടിഷുകാരോട് പൊരുതി വീരചരമം പ്രാപിച്ച കേരള വര്‍മ്മ പഴശ്ശിരാജയുടെ ചരിത്രമായിരുന്നു. സത്യമായ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ കഥകളിലെല്ലാം കാണുന്ന സാമ്യം മരക്കാറിലും കാണാം. ചരിത്ര സിനിമയായിരിക്കെ, മരക്കാര്‍ ബ്രിട്ടിഷുകാരെ തോല്‍പ്പിച്ച് കോഴിക്കോട്ട് കൊടിനാട്ടി എന്ന് എഴുതിച്ചേര്‍ക്കാന്‍ സാധിക്കില്ലോ.

ഇക്കാരണത്താല്‍ തന്നെ പഴശ്ശിരാജയും, ഉറുമിയും, കായംകുളം കൊച്ചുണ്ണിയും എന്നുവേണ്ട, ഈയിടെയിറങ്ങിയ തെലുങ്ക് സിനിമ സൈറാ നരസിംഹ റെഡ്ഡിയടക്കം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടനധി സംഭവങ്ങളുമായുള്ള വലിയ സാമ്യം മരക്കാറിലും വരുന്നു. ഈ പ്രവചനാത്മകത സിനിമയുടെ ആസ്വാദനത്തെയും ബാധിക്കുന്നു.

ഇങ്ങനെയൊരു പ്രശ്‌നം സ്വാതന്ത്രസമര ചരിത്രം പറയുന്ന സിനിമകള്‍ക്ക് അഭിമുഖീകരിക്കണമെന്നിരിക്കേ, അതിനെ മറികടക്കാനുള്ള മാര്‍ഗ്ഗം കഥാപാത്രത്തിന്റെ വ്യക്തിജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നതാണ്. യോദ്ധാക്കളാണെങ്കിലും അവര്‍ക്കുള്ള അനുഭവങ്ങളും, യുദ്ധത്തിലേക്ക് നയിച്ച വഴികളുമെല്ലാം വ്യത്യസ്തമായിരിക്കും. പക്ഷേ ഇവിടെയാണ് മരക്കാറിന് പിഴയ്ക്കുന്നത്. ഇതുവരെ കേട്ട മറ്റ് യോദ്ധാക്കളുടെ കഥകളില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും മരക്കാറിന്റെ ജീവിതത്തിലും ഉള്ളതായി കാണിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല. അതിന് കഴിഞ്ഞിരുന്നെങ്കില്‍ വലിയൊരളവില്‍ മികച്ച സൃഷ്ടിയായി മാറിയേനെ മരക്കാര്‍.

അതാണല്ലോ പ്രിയദര്‍ശന്റെ തന്നെ സിനിമയായ 'കാലാപാനി'യില്‍ കണ്ടത്. സ്വാതന്ത്രസമരത്തില്‍ പങ്കെടുത്ത ലക്ഷക്കക്കിന് പേരെ ബ്രിട്ടിഷുകാര്‍ പിടികൂടി ചൂഷണം ചെയ്യുകയും, കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാലാപാനി അത്തരമൊരു കഥയെക്കാള്‍ ആസ്വാദ്യമാകുന്നത് ഗോവര്‍ദ്ധന്‍ എന്ന ഡോക്ടര്‍ അതിലെ കേന്ദ്രകഥാപാത്രമായി എത്തിയത് കൊണ്ടും, അയാളെ കാത്ത് നാട്ടില്‍ ഒരു പാര്‍വതി കാത്തിരുന്നത് കൊണ്ടുമാണ്.

ഈയൊരു വിഷന്‍ പക്ഷേ മരക്കാറിന്റെ കാര്യത്തില്‍ സംവിധായകന് ഇല്ലാതെ പോയി. പകരം പ്രിയദര്‍ശന്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചത് സാങ്കേതികപരമായി സിനിമയെ മികച്ചതാക്കുന്നതിലായിരുന്നു എന്നു തോന്നുന്നു. അക്കാര്യത്തില്‍ വലിയൊരു പരിധി വരെ അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്.

കുഞ്ഞാലിയുടെ ചെറുപ്പകാലത്തെ കമ്പോളങ്ങളുടെ സെറ്റ് ഡിസൈന്‍ മുതല്‍ പാലിച്ച സൂക്ഷ്മത സാങ്കേതികത്തികവിന്റെ അടയാളമാണ്. സാമൂതിരിയുടെ കപ്പല്‍ പട നായകനായ ശേഷമുള്ള ആദ്യ യുദ്ധത്തില്‍ പോര്‍ച്ചുഗീസുകാരുടെ കപ്പല്‍പ്പടയെ മുക്കുമ്പോഴുള്ള കടലിലെ യുദ്ധരംഗവും മികച്ച ക്വാളിറ്റിയോടെ ചിത്രീകരിക്കപ്പെട്ടതാണ് എന്ന് സമ്മതിക്കാതെ വയ്യ.

ഈ രംഗങ്ങള്‍ക്കെല്ലാം ശേഷം കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് പക്ഷേ പിന്നെയൊരു ആവേശജനകമായ സന്ദര്‍ഭം വീണുകിട്ടുന്നില്ല എന്നതാണ് സത്യം. കുഞ്ഞാലിക്കെതിരെ പടനയിക്കാന്‍ സാമൂതിരിയെ പ്രേരിപ്പിച്ച കാരണങ്ങളെല്ലാം വളരെ ബാലിശമായി എഴുതപ്പെട്ട സീനുകളായാണ് തോന്നിയത്. ഭാവന എന്ന് മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ടെങ്കിലും ഒരു ചരിത്ര സിനിമയോട് അത്തരം സന്ദര്‍ഭങ്ങളിലെങ്കിലും കുറച്ചുകൂടി നീതിപുലര്‍ത്താമായിരുന്നു.

കഥാപാത്രങ്ങളാണ് അടുത്തതായി സിനിമയുടെ നിലവാരത്തെ താഴോട്ട് വലിക്കുന്നത്. കൃത്യമായ പാത്രസൃഷ്ടികള്‍ വളരെ കുറവാണ് സിനിമയില്‍. കൃത്യമായ മോട്ടീവ്, അടിസ്ഥാനപരമായ സ്വഭാവം എന്നിവയൊന്നും പല കഥാപാത്രങ്ങള്‍ക്കുമില്ല. കുഞ്ഞാലിയുടെ വലം കയ്യായ തങ്കുടുവിനെ അവതരിപ്പിച്ച പ്രഭുവിന്റെ പാത്രസൃഷ്ടി തന്നെ ഉദാഹരണം. യുദ്ധം ചെയ്യലല്ലാതെ പ്രഭുവിനെ പോലെ ഒരു താരത്തെ സംവിധായകനും തിരക്കഥാകൃത്തും വേണ്ടവിധം ഉപയോഗിച്ചിട്ടേയില്ല. യുദ്ധങ്ങളില്‍ പോലും അദ്ദേഹത്തിന് വേണ്ടത്ര സ്‌പേസ് നല്‍കിയിട്ടുമില്ല.

കാസ്റ്റിങ്ങിലേയ്ക്ക് കൂടുതല്‍ ശ്രദ്ധിച്ചാല്‍ സുനില്‍ ഷെട്ടി ഒരിക്കലും കോഴിക്കോട്ടെ ഒരു അംഗരാജാവിന് ചേരുന്ന ഭാവഹാവാദികളോടയല്ല വന്നിരിക്കുന്നതെന്ന് വ്യക്തമാകും. ബാബുരാജിലും അത് പ്രകടമാണ്.

സംഘട്ടനരംഗങ്ങളും വേണ്ടവിധം തൃപ്തി തരുന്നവയല്ല. ധാരാളം സാധ്യതകളുണ്ടായിരുന്നിട്ടും ചടുലമായ സംഘട്ടനരംഗങ്ങളൊരുക്കുന്നതിന് പകരം പ്രൊഡക്ഷന്‍ ഡിസൈനിങ്ങിലും, വിഎഫ്എക്‌സിലും ശ്രദ്ധ കേന്ദ്രീകരിച്ചത് തിരിച്ചടിയായിട്ടുണ്ട്. പ്രത്യേകിച്ച് സംഘട്ടനരംഗങ്ങളില്‍ മികവി തെളിയിച്ച മോഹന്‍ലാലിനെ പോലെ ഒരു നടന്‍ ഉണ്ടെന്നിരിക്കെ. രണ്ടാമത്തെ യുദ്ധത്തിന് ഒരു അഡ്ജസ്റ്റ്‌മെന്റ് ഫീല്‍ വരുത്താന്‍ കാരണം എന്തെന്ന് മനസിലായിട്ടുമില്ല.

ഇക്കാരണങ്ങളാണ് ചുരുക്കത്തില്‍ മികച്ചൊരു ചലച്ചിത്ര അനുഭവമാകുന്നതില്‍ നിന്നും മരക്കാറിന് ക്ഷീണം തീര്‍ത്തിരിക്കുന്നത്. അതിനര്‍ത്ഥം മരക്കാര്‍ ഒരു വളരെ മോശം സിനിമയാണെന്നല്ല. ഒരു തവണ തിയറ്ററില്‍ പോയി എക്‌സപീരിയന്‍സ് ചെയ്യാവുന്ന സിനിമ തന്നെയാണ് മരക്കാര്‍. ഒരുപക്ഷേ മലയാളത്തിലെ കോളനികാല ചരിത്രം പറഞ്ഞ സിനിമകളായ പഴശ്ശിരാജ മുതലിങ്ങോട്ടുള്ള ചിത്രങ്ങള്‍ക്ക് മുമ്പേ ഇറങ്ങിയിരുന്നെങ്കില്‍ ആളുകള്‍ ഇരു കൈയും നീട്ടി സ്വീകരിക്കുമായിരുന്നു ഈ സിനിമയെ.


പറഞ്ഞു കേൾക്കുന്ന അത്രയും മോശമല്ല മരക്കാർ; പിന്നെ സംവിധായകന് പിഴച്ചത് എവിടെ?
George Vattappara 2021-12-06 00:25:20
ഇങ്ങിനെയൊക്കെ എഴുതാൻ ആരാ പറഞ്ഞത്? എൻ്റെ പോയ പൈസ തിരിച്ചു തരുമോ??
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക