കുരുക്ഷേത്രം (ഡോളി തോമസ് കണ്ണൂർ)

Published on 05 December, 2021
കുരുക്ഷേത്രം (ഡോളി തോമസ് കണ്ണൂർ)
കുരുക്ഷേത്ര യുദ്ധഭൂമി,
കൃഷ്ണൻ തേര് തെളിക്കുന്നു.
അർജ്ജുനൻ വില്ല് കുലയ്ക്കുന്നു.
ചതിയെ മറുചതികൊണ്ടു
നേരിടാൻ സാരഥി 
ന്യായങ്ങൾ നിരത്തുന്നു.
ഇന്നും ചതിക്കു
പിൻബലം ന്യായങ്ങൾ.
മറുവശം ദുര്യോധനനും, കർണനും.
ആക്രോശങ്ങൾക്കും 
നിലവിളികൾക്കും നടുവിൽ,
വീണ്ടും പത്മവ്യൂഹത്തിൽ 
ചതിയുടെ ഹുങ്കാരവം.
ഒറ്റക്കെതിർത്തു നിന്നവനെ
കൂട്ടംചേർന്നു ശിരസ്സ് തകർത്തു.
ചമയ്ക്കപ്പെടുന്നുണ്ടിന്നും പത്മവ്യൂഹങ്ങൾ!
ചതിയുടെ പത്മവ്യുഹങ്ങൾ.
ശകുനിമാരുടെ നാവിൽ
കൊരുക്കപെടുന്ന ജീവിതങ്ങൾ.
ആർക്കൊക്കെയോ വേണ്ടി
ശിരസ്സറ്റ് വീഴുന്നവരുടെ
പാതിയിൽ മുറിഞ്ഞു പോയ
നിലവിളികൾ
 എങ്ങും തൊടാതെ
അന്തരീക്ഷത്തിൽ ലയിക്കുന്നു.
ഒടുവിൽ,
ആരവങ്ങളൊടുങ്ങിയ യുദ്ധഭൂമിയിൽ
ഗാന്ധാരിയെപ്പോലെ 
നീതിദേവത
കണ്ണിന്റെ കെട്ടുകൾ അഴിക്കട്ടെ..
എന്നെന്നേക്കുമായി അതഴിഞ്ഞു വീഴട്ടെ.
തിരുത്താമായിരുന്ന തെറ്റുകളുടെ കബന്ധങ്ങൾക്ക് നടുവിൽ 
നീതി കിട്ടാതെ പോയ
നിസ്സഹായരുടെ 
ദൈന്യതയാർന്ന നോട്ടങ്ങൾക്കു മുന്നിൽ
ഇനിയൊരു നാളെക്കായി കണ്ണുകൾ തുറന്നു പിടിക്കട്ടെ.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക