വീണ്ടും കാണവേ (കവിത: തസ്‌നി ജബീൽ)

Published on 05 December, 2021
വീണ്ടും കാണവേ (കവിത: തസ്‌നി ജബീൽ)
ഒരു വാക്ക് മിണ്ടാൻ ,
ഒരുനോക്ക് കാണാൻ, 
ഒന്നിച്ചിരുന്നോരോ 
കഥകൾ പറയുവാൻ 
ഒരുപാട് ദൂരങ്ങൾ ഓടിയണഞ്ഞവരാണ് .

ഒരേസ്വപ്നങ്ങളുടെ ഊഞ്ഞാലിൽ 
ഒന്നിച്ചിരുന്നാടിയവരാണ് .
ഉടലുകൾ രണ്ടാണെങ്കിലും ആത്മാവുകളൊന്നായ് അലിഞ്ഞു ചേർന്നവരാണ് .

നിന്നിലും വലുതല്ലയൊന്നുമീഭൂമിയിലെന്ന് 
പലവട്ടം പരസ്പരം കാതിൽ മൊഴിഞ്ഞവരാണ് .

ഒടുവിലെവിടെയോ വെച്ച് 
മിഴികൾ തുളുമ്പി 
ഹൃദയം വിതുമ്പി 
ഇരുവഴികളിൽ വേർപിരിഞ്ഞു പോയവരാണ് .

കാലങ്ങൾക്കിപ്പുറമീസായന്തനത്തിൽ 
കണ്ടിട്ടും കാണാതെ ,ഒന്നും മിണ്ടാതെ 
അകലേക്ക് നടന്നു മറയവേ മനസ്സിനുള്ളിൽ അലയടിക്കുന്നതെന്താവും ?

എന്നോ കൊഴിഞ്ഞുവീണ ഇതളടർന്ന 
കിനാക്കളുടെ വാടിയ ഗന്ധമോ ?
ഓർമ്മത്താളുകളിലെ ദ്രവിച്ചുനരച്ച  ചിത്രമോ ?
എപ്പോഴോ എഴുതിയ പ്രണയാർദ്രകവിതയിലെ നിറം മങ്ങിയ അക്ഷരങ്ങളോ ?
എന്നോ പാടിയ മറന്നു തുടങ്ങിയ സാന്ദ്രമായ ഗാനത്തിന്നീരടികളോ ?

ഒരിക്കൽ അത്രയും പ്രിയമോടെ 
നെഞ്ചോട് ചേർത്തതെല്ലാം 
കാലത്തിന്റ കുത്തൊഴുക്കിൽ 
മറവിയുടെ ആഴങ്ങളിൽ വഴുതി 
വീഴുന്നത് എത്രവേഗമാണ്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക