സന്ദീപിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും പാര്‍ട്ടി ഏറ്റെടുക്കുന്നെന്ന് കോടിയേരി

Published on 05 December, 2021
സന്ദീപിന്റെ കുടുംബത്തെ  സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും പാര്‍ട്ടി  ഏറ്റെടുക്കുന്നെന്ന് കോടിയേരി
തിരുവല്ല: കൊല്ലപ്പെട്ട സി.പി.ഐ.എം പെരിങ്ങ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കുടുംബം അനാഥരാകില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.

‘ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കുടുംബത്തിന് വേണ്ടി സാധിക്കുന്നതെല്ലാം ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

പാര്‍ട്ടി കൂടെയുണ്ട്. കുട്ടികളെ വളര്‍ത്താനുള്ള എല്ലാ സഹായവും ചെയ്യും. ആവശ്യമായ ജോലി ഏര്‍പ്പാടു ചെയ്തു തരും. ക്രൂരമായ കൊലപാതകമാണ് നടത്തിയത്. ചെയ്യേണ്ടതൊക്കെ ചെയ്യാം’ സന്ദീപിന്റെ ഭാര്യ സുനിതയോട് കോടിയേരി പറഞ്ഞു.

കുട്ടികള്‍ എത്ര വിദ്യാഭ്യാസം ആഗ്രഹിക്കുന്നോ, അത്രയും കാലം ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാനം പാര്‍ട്ടിയുണ്ടാക്കി കൊടുക്കുമെന്നും സന്ദീപിന്റെ കുടുംബം ഒരിക്കലും അനാഥരാകില്ലെന്നും കോടിയേരി പറഞ്ഞു.

ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിത്. പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ കണ്ടെത്തണം. അവരെക്കൂടെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരാന്‍ അന്വേഷണം നടത്തണം. കുടുംബത്തൈ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്തവും സി.പി.ഐ.എം ഏറ്റെടുക്കുന്നു.

സന്ദീപിന്റെ ഭാര്യയ്ക്ക് സ്ഥിരം വരുമാനമുള്ള സുരക്ഷിത ജോലി ഏര്‍പ്പാടുചെയ്യാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി മുന്‍കൈയെടുക്കും. രണ്ട് കുട്ടികളെ വളര്‍ത്താനുള്ള സാമ്പത്തിക സഹായം നല്‍കും,” കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക