Image

മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവം; നിര്‍ണായകമായത് അജ്ഞാത സന്ദേശം

Published on 05 December, 2021
മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവം; നിര്‍ണായകമായത് അജ്ഞാത സന്ദേശം


തിരുവനന്തപുരം : വിഴിഞ്ഞത്ത്  അമ്മ മകനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമായത് പൊലീസിന് ലഭിച്ച അജ്ഞാത സന്ദേശം. 2020 സെപ്തംബര്‍ 14 നാണ് വിഴിഞ്ഞം സ്വദേശി സിദ്ദിഖിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. തൂങ്ങിമരണം എന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. തിടുക്കത്തില്‍ മൃതദ്ദേഹം അടക്കം ചെയ്യാന്‍ ഒരുങ്ങവെ പൊലീസിന് ലഭിച്ച അജ്ഞാത സന്ദേശമാണ് കേസിന്റെ  ഗതി മാറ്റിയത്.

തുടര്‍ന്ന് അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. വീട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ കോവിഡ് ടെസ്റ്റിന് അയച്ചെന്നാണ് പൊലീസ് പറഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണെന്ന് തെളിഞ്ഞു. തുടര്‍ന്നാണ് ഇന്നലെ പ്രതി നാദിറയെ അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. സംഭവ ദിവസം രാവിലെ 11 ഓടെ കഞ്ചാവ് ലഹരിയിലായിരുന്ന സിദ്ദിഖ് സഹോദരിയെ ബലാത്സംഗത്തിന്  ശ്രമിച്ചപ്പോള്‍ അമ്മ എതിര്‍ത്തു. പിടിവലിക്കിടെ സിദ്ദിഖിന്റെ കഴുത്തില്‍ പിടിച്ച് തള്ളിയിട്ട ശേഷം മകളെ നാദിറ രക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് മകളെ പ്രതിയുടെ അമ്മയുടെ വീട്ടില്‍ ആക്കിയ ശേഷം പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കാന്‍ എത്തി. എന്നാല്‍ പരാതി എഴുതി നല്‍കുന്ന ആളെ കാണാത്തതിനാല്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ മകന്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഇതോടെ അയല്‍വാസികളോട് മകന്‍ തൂങ്ങി മരിച്ചുവെന്ന് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം കുളിപ്പിച്ച് അടക്കം ചെയ്യാനൊരുങ്ങവെയാണ് അജ്ഞാത സന്ദേശം പൊലീസിന് കിട്ടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക