തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പ്; മമ്പറം ദിവാകരനെ താഴെയിറക്കി, മുഴുവന്‍ സീറ്റും യു.ഡി.എഫ് പിടിച്ചടക്കി

Published on 05 December, 2021
 തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി തിരഞ്ഞെടുപ്പ്; മമ്പറം ദിവാകരനെ താഴെയിറക്കി, മുഴുവന്‍ സീറ്റും യു.ഡി.എഫ് പിടിച്ചടക്കി


കണ്ണൂര്‍: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലിന് ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നിലവിലുള്ള പ്രസിഡന്റ് മമ്പറം ദിവാകരന്റെ പാനലിനെ പരാജയപ്പെടുത്തിയാണ് യുഡിഎഫിന്റെ ജയം. മത്സരം നടന്ന 12 സീറ്റിലും യുഡിഎഫ് ജയിച്ചു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിയുടെ ദീര്‍ഘകാല പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനും ഡി.സി.സി. നേതൃത്വവും തമ്മിലുള്ള അകല്‍ച്ചയെ തുടര്‍ന്നാണ് ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്. പാര്‍ട്ടി നിര്‍ദേശിച്ച വ്യക്തികളെ പാനലില്‍ ഉള്‍പ്പെടുത്താതിരുന്നതിനെത്തുടര്‍ന്ന് മമ്പറം ദിവാകരനെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ പുറത്താക്കിയതോടെയാണ് പ്രശ്നം രൂക്ഷമായത്. 29 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്. 

പാര്‍ട്ടിയുടെ ഔദ്യോഗിക പാനലിനെതിരേ മറ്റൊരു പാനല്‍ എന്ന പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ്  അദ്ദേഹത്തെ പുറത്താക്കിയത്. 
മമ്പറം ദിവാകരന്‍ സമീപകാലത്ത് കെ.സുധാകരനുമായി അകല്‍ച്ചയിലായിരുന്നു. കെ.സുധാകരനടക്കമുള്ള നേതാക്കള്‍ തലശ്ശേരിയില്‍ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് എന്നതും ശ്രദ്ധേയമായിരുന്നു. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക