രക്തസാക്ഷികൾ (കവിത: ഉമശ്രീ)

Published on 06 December, 2021
രക്തസാക്ഷികൾ (കവിത: ഉമശ്രീ)
ചാലുകീറിയ  ചുടുരക്തത്തിൽ
അവൻ്റെ സ്വപ്നങ്ങൾ
ഒഴുകിയകലുന്നു
അടഞ്ഞ കൺകളിൽ
 രണ്ട്കുഞ്ഞുമുഖങ്ങൾ
അവസാന നിശ്വാസത്തിൽ
ഉള്ളു പൊട്ടിയ തേങ്ങലുകൾ

അവളുടെ പതം പറച്ചിലുകളിൽ
ഇനിയും പറഞ്ഞു കൊതി തീരാത്ത
വാക്കുകളുടെ കൂട്ടക്കുരുതി
ശൂന്യത തളം കെട്ടി, തുളുമ്പാൻ
 മറന്ന അച്ഛൻ്റെ കണ്ണുകൾ
ഭ്രാന്തമായി പെയ്തിറങ്ങുന്ന
അമ്മക്കണ്ണിലെ മരവിപ്പ്
കുഞ്ഞിക്കരച്ചിലിൽ, പൊരുളറിയാ
വിതുമ്പലിൽ ചിന്തുകൾ
ഉയർന്നു പൊങ്ങുന്ന
ചുരുട്ടിയ കനത്തമുഷ്ടിയിൽ
കണക്കുകൾ തീർക്കാൻ
നറുക്കിട്ട പേരുകൾ
മരണമില്ലെന്ന പോർവിളിയിൽ
ഗർഭപാത്രത്തിൻ മിടിപ്പു മറന്ന്
വീണു മരിക്കാൻ ഒരുങ്ങുന്ന,
യുവരക്തത്തിൻ രൗദ്രത...
വീണ്ടും
ഒരു രക്ത സാക്ഷി കൂടി
ഇവിടെ ആഘോഷിക്കപെടുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക