ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഭരണം നഷ്ടപ്പെടാന്‍ കാരണം സുധീരനെന്ന് എംഎം ഹസന്‍

ജോബിന്‍സ് Published on 06 December, 2021
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഭരണം നഷ്ടപ്പെടാന്‍ കാരണം സുധീരനെന്ന് എംഎം ഹസന്‍
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് അധികാര നഷ്ടമുണ്ടാകാന്‍ കാരണം അന്നത്തെ കെപിസിസി പ്രസിഡന്റ് വി.എം സുധീരനായിരുന്നുവെന്ന ഗുരുതര ആരോപണവുമായി യുഡിഎഫ് കണ്‍വീനറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.എം. ഹസന്‍. ഹസന്റേതായി ഇറങ്ങിയ പുതിയ പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. 

സുധീരന്റെ നിലപാടുകള്‍ സര്‍ക്കാരിന് കീറാമുട്ടിയായിയായെന്നും. പാര്‍ട്ടി-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത് കെപിസിസി പ്രസിഡന്റാണെന്നും. 2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ വീണ്ടും തലപൊക്കിയെന്നും ഹസന്‍ തന്റെ പുസ്തകത്തില്‍ പറയുന്നു. 

കെപിസിസി പ്രസിഡന്റ് സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനങ്ങളായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയത് ഭരണ പക്ഷ നേതാവായിരുന്നുവെന്നാണ് ഹസ്സന്റെ ആരോപണം. പിന്നീട് ഗ്രൂപ്പുകളില്‍ നിന്ന് സഹകരണം കിട്ടാതായതോടെയാണ് കെപിസിസി അധ്യക്ഷ സ്ഥാനം സുധീരന്‍ രാജി വച്ചതെന്നും ഹസ്സന്‍ സമ്മതിക്കുന്നു.

പാമൊലിന്‍ കേസില്‍ കരുണാകരനല്ല ഉദ്യോഗസ്ഥരായിരുന്നു കുറ്റക്കാരെന്നും തന്റെ മക്കള്‍ക്ക് വധഭീഷണിയുമായി ഊമക്കത്ത് ലഭിച്ച വിവരം പിണറായി വിജയന്‍ നേരത്തെ തന്നോട് പറഞ്ഞിരുന്നെന്നും ഹസന്റെ പുസ്തകത്തില്‍ പറയുന്നു. ഓര്‍മ്മച്ചെപ്പ് എന്ന പുസ്തകത്തിലാണ് ഹസന്‍ ഇക്കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക