ബി.ജെ.പിക്കെതിരെ വീണ്ടും വരുണ്‍ഗാന്ധി

Published on 06 December, 2021
ബി.ജെ.പിക്കെതിരെ വീണ്ടും വരുണ്‍ഗാന്ധി
ലഖ്‌നൗ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച്‌ വീണ്ടും വരുണ്‍ ഗാന്ധി. അധ്യാപക നിയമന പരീക്ഷയില്‍ അട്ടിമറി ആരോപിച്ച്‌ പ്രകടനം നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെതിരെയാണ് ട്വിറ്ററില്‍ വിമര്‍ശനം.

തെരഞ്ഞെടുപ്പ് അടുത്തിയിരിക്കുന്ന യു.പിയില്‍ ബി.ജെ.പിയെയും യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്നതാണ് വരുണ്‍ ഗാന്ധിയുടെ പ്രസ്താവന.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികളും ആവശ്യമായ ഒഴിവുകളുമുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് നിയമനം നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ഈ പ്രതിഷേധക്കാരും ഇന്ത്യക്കാരാണെന്നും അവരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും ആരും തയ്യാറല്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ മക്കള്‍ ഈ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നെങ്കില്‍ ഇത്തരത്തില്‍ പെരുമാറാന്‍ കഴിയുമായിരുന്നോ എന്ന് അദ്ദേഹം തുറന്നടിച്ചു.

69,000 അധ്യാപകരെ നിയമിക്കുന്നതിനായി 2019ല്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ചായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സെന്‍ട്രല്‍ ലക്‌നൗവിലെ ഒരു കവലയില്‍ നിന്നും യോഗി ആദിത്യനാഥിന്റെ വസതിയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിന് നേരെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു.

പൊലിസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കളും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക