Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 06 December, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)
വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് നാഗാലാന്റില്‍ ഗ്രാമീണരെ സുരക്ഷാസേന വെടിവെച്ച് കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. നാഗാലാന്റില്‍ സ്ഥിതി നിയന്ത്രണവിധേയമെന്നും ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. രാജ്യസഭയില്‍ പ്രസ്താവന നടത്തുന്നതിനിടെ പ്രതിപക്ഷം ബഹളമുയര്‍ത്തി.
********************************
വാളയാര്‍ കേസില്‍ സിബിഐയുടെ ഡമ്മി പരീക്ഷണം . പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതേ വീട്ടില്‍ വച്ച് സാഹചര്യം പുനരാവിഷ്‌കരിക്കുകയാണ് സിബിഐ. കുട്ടികള്‍ മരിച്ച മുറിയില്‍ രണ്ട് പേരുടെയും അതേ തുക്കത്തിലുള്ള ഡമ്മി തൂക്കി നോക്കും. വീടിന്റെ ഉത്തരത്തില്‍ തുങ്ങി മരിക്കാന്‍ ഒമ്പതുവയസുകാരിക്ക് ആകില്ലെന്നതായിരുന്നു വിവാദ കേസിലെ പ്രധാന വാദങ്ങളില്‍ ഒന്ന്. ഈ കാര്യമടക്കം ഉറപ്പിക്കാനാണ് സിബിഐയുടെ ഡമ്മി പരീക്ഷണം.
*********************************
രാജ്യത്ത് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു. ബൂസ്റ്റര്‍ ഡോസ് നല്‍കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ,പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും മുന്‍ഗണന നല്‍കണമെന്നും കുട്ടികള്‍ക്കുള്ള വാക്‌സീനേഷന്‍ പെട്ടെന്ന് തുടങ്ങണമെന്നും ഐഎംഎ പറഞ്ഞു. അതേസമയം  ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ മൂന്നാംഡോസ് വാക്‌സീനിലും കുട്ടികളുടെ വാക്‌സിനേഷനിലും തീരുമാനം വൈകിയേക്കില്ല.
********************************
മാധ്യമങ്ങളുമായി സംസാരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന വിവാദ സര്‍ക്കുലറില്‍ ഉറച്ചു നില്‍ക്കുന്നതായി വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. അട്ടപ്പാടിയില്‍ സന്ദര്‍ശനം നടത്താന്‍ തലേദിവസമാണ് തീരുമാനിച്ചത്.  തന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് പറയുന്ന രാഷ്ട്രീയ ആരോണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും മന്ത്രി പറഞ്ഞു.
******************************
മുസ്ലീം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . പള്ളികളില്‍ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമായെന്നും കോടിയേരി ബാലകൃഷ്ണന്‍ പാളയം ഏരിയാ സമ്മേളനത്തില്‍ പറഞ്ഞു. തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ കലാപത്തിന് ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
******************************
മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ മകന്റെ  ആശ്രിത നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി. ഇത്തരം നിയമനങ്ങള്‍ സര്‍ക്കാരിനെ കയറഴിച്ചു വിടുന്നത് പോലെയാകുമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്ക് പോലും ആശ്രിത നിയമനം നല്‍കുന്ന അവസ്ഥയുണ്ടാകുമെന്നും കോടതി പറഞ്ഞു.
*****************************
പിങ്ക് പൊലീസ് കേസില്‍  അതി രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി . കുട്ടിയെ പരിശോധിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്തവകാശമാണെന്ന് കോടതി ചോദിച്ചു. ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത് എന്ത് കൊണ്ടാണെന്നും സര്‍ക്കാര്‍ കേസ് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതെന്തിനെന്നാണെന്നുമാണ് കോടതിയുടെ ചോദിക്കുന്നത്. ഇതിനിടെ ആരോപണ വിധേയയായ പോലീസ് ഉദ്യോഗസ്ഥ കോടതിയില്‍ മാപ്പപേക്ഷ നല്‍കി. 
****************************
ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും വരുണ്‍ ഗാന്ധി. അധ്യാപക നിയമന പരീക്ഷയില്‍ അട്ടിമറി ആരോപിച്ച് പ്രകടനം നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെതിരെയാണ് ട്വിറ്ററില്‍ വിമര്‍ശനം.
 യോഗ്യരായ ഉദ്യോഗാര്‍ത്ഥികളും ആവശ്യമായ ഒഴിവുകളുമുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് നിയമനം നടത്താത്തതെന്ന് അദ്ദേഹം ചോദിച്ചു. ഈ പ്രതിഷേധക്കാരും ഇന്ത്യക്കാരാണെന്നും അവരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും ആരും തയ്യാറല്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു.
*****************************
നാഗാലാന്‍ഡില്‍ സൈന്യത്തിന്റെ വെടിയേറ്റ് ഗ്രാമീണര്‍ മരിക്കാനിടയായ സംഭവത്തില്‍ സൈനീകര്‍ക്കെതിരെ നാഗാലാന്‍ഡ് പോലീസ് കേസെടുത്തു. സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സൈന്യത്തിന്റെ വെടിവെയ്പില്‍ 13 ഗ്രാമീണരായിരുന്നു കൊല്ലപ്പെട്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക