Image

മുന്‍ എം.എല്‍.എ, കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Published on 06 December, 2021
മുന്‍ എം.എല്‍.എ, കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
മുന്‍ എം.എല്‍.എ, കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമന കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇത്തരം നിയമനങ്ങള്‍ സര്‍ക്കാരിനെ കയറഴിച്ചു വിടുന്നത് പോലെയാകും എന്നാണ് കോടതി വിമര്‍ശിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്ക് വരെ ആശ്രിത നിയനം നല്‍കുന്ന അവസ്ഥ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.

യോഗ്യതയുളള ആളുകള്‍ പുറത്ത് കാത്തുനില്‍ക്കുമ്പോഴാണ് പിന്‍വാതിലിലൂടെ ചിലര്‍ നിയമിക്കപ്പെടുന്നത്. ഇത് സാമൂഹിക വിവേചനത്തിന് ഇടയാക്കും എന്നും കോടതി പറഞ്ഞു. സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നിനെ കുറിച്ച് കേരള ഫിനാന്‍സ് കോഡില്‍ കൃത്യമായി പറയുന്നുണ്ട്. സര്‍ക്കാരിന് പ്രത്യേക സാഹചര്യത്തില്‍ അതിനുള്ള അധികാരമുണ്ട്. എന്നാല്‍ രാമചന്ദ്രന്‍ നായരുടെ മകന്റെ നിയമന കാര്യത്തില്‍ അത്തരത്തിലുള്ള സാഹചര്യം ഇല്ല എന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ ജീവനക്കാര്‍ മരിക്കുന്ന സാഹചര്യത്തില്‍ അവരുടെ കുടുംബത്തിന് സഹായം നല്‍കാനാണ് ആശ്രിത നിയമനം എന്ന് കോടതി അറിയിച്ചു. എം.എല്‍.എമാരുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇത്തരം നിയമനം നല്‍കാന്‍ കേരള സര്‍വീസ് ചട്ടം അനുവദിക്കുന്നില്ല എന്ന് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ച് 2018 ലാണ് കെ.കെ രാമചന്ദ്രന്‍ നായരുടെ മകനായ ആര്‍. പ്രശാന്തിനെ സര്‍ക്കാര്‍ നിയമിച്ചത്. ഇത് ചോദ്യം ചെയ്തു  പാലക്കാട് സ്വദേശി അശോക് കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി നിയമനം റദ്ദാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക