യാത്രാമൊഴി: പ്രദീപ് V D

Published on 06 December, 2021
യാത്രാമൊഴി: പ്രദീപ് V D


ശാരിക..!

അതായിരുന്നു അവളുടെ പേര്..

അന്ന് അവളെ ഡിസ്പാർജ് ചെയ്ത ദിവസം ആയിരുന്നു..!

 പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് വെല്ലൂർ സീഎംസീ റീഹാബിലിറ്റേഷൻ
സെൻടറിൽ നിന്നും...

ഞാനും ശാരികയും അടങ്ങുന്ന മുപ്പത് പേരാണ് അന്നവിടെ
ഉണ്ടായിരുന്നത്..

എല്ലാവരും ഒന്നുകിൽ ട്രോളിയിൽ അല്ലെങ്കിൽ വീൽച്ചെയറിൽ..!

 മൂന്ന് മാസങ്ങൾ നീളുന്ന റീഹാബിലിറ്റേഷൻ..!

പതിന്നാലു വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയായിരുന്നു.
ശാരിക.ആരോടും ഒന്നും മിണ്ടില്ല.. മുഖം നിറയെ വിഷാദഭാവം..

 കൂലിപ്പണിക്കാരായിരുന്നു അവളുടെ അച്ഛനുമമ്മയും.
അതുകൊണ്ടു സീഎം സീ യിൽ സൗജന്യ ചികിത്സയായിരുന്നു അവൾക്ക്.
ദാരിദ്ര്യത്തിന്റെ എല്ലാ മേലാപ്പുകളും ഉണ്ടായിരുന്നു അച്ഛനുമമ്മക്കും
മോൾക്കും..!!

അഡ്മിറ്റ് ആയപ്പോൾ തുടങ്ങി ഒരു ട്രോളിയിൽ കമിഴ്ന്നു കിടപ്പായിരുന്നു
അവൾ..!

 നടക്കാനോ ഇരിക്കാനോ ഒന്നും
പറ്റില്ല..!!

 പുറത്തു നടുവിൽ ഫുട്ബോൾ വലുപ്പത്തിൽ ഒരു വലിയ മുഴ..!!

 നട്ടെല്ലിൽ സ്‌പൈനൽകോഡിൽ ട്യൂമർ ആണത്രേ...!!

എല്ലാ വർഷവും മൂന്ന് മാസം ചികിത്സക്ക്
വരും.

.ഇത്തവണ വന്നപ്പോൾ ട്യൂമർ തലച്ചോർ വരെ എത്തിക്കഴിഞ്ഞു..!

ഏറിയാൽ ഇനി രണ്ടോ മൂന്നോ മാസം മാത്രം ആയുസ്സ്..!

ശാരിക ഇന്ന് ഡിസ്ചാർജ്
ആവുകയാണ്..!!

എന്തോ.. എന്നോട് വലിയ സ്നേഹമായിരുന്നു..

ആരോടും ഒന്നും മിണ്ടാത്ത ശാരിക..!

ഞാൻ എന്തെങ്കിലും ചോദിച്ചാൽ കണ്ണിൽ വിനയത്തോടെ
കുറെ ആദരവോടെ ഒറ്റവാക്കിൽ മറുപടി പറയും..!

 എനിക്കും ഒരുപാടിഷ്ടമായിരുന്നു അവളെ..!

ശാരിക പറഞ്ഞാണ് ഞാൻ അറിഞ്ഞത്..!

അവൾക്ക് ഒരു ചേട്ടൻ ഉണ്ടായിരുന്നത്രേ..

പതിനാറു വയസ്സിൽ കൂലിപ്പണിക്ക് പോകേണ്ടി വന്നു അവന്..
ചികിത്സക്കും മറ്റും ചെലവുകൾ ഒരുപാടില്ലേ..?

പോയല്ലേ പറ്റൂ..?

വൈകിട്ട് വരുമ്പോൾ ചേട്ടൻ കടലമിട്ടായി വാങ്ങിക്കൊടുക്കും..!

കഥകൾ ഒരുപാട് പറഞ്ഞുകൊടുക്കും..!!

ചേട്ടൻ ആയിരുന്നു അന്നൊക്കെ ശാരികയുടെ ലോകം..!

കഥകളും കടലമിട്ടായിയും ആയിരുന്നു അവളുടെ സ്വപ്നം..!

ഒരു വൈകുന്നേരം ചേട്ടനെ കാത്തിരുന്ന അവൾ കണ്ടത്  പനംപായിൽ മൂടിക്കെട്ടി കൈവണ്ടിയിലേറ്റി കൊണ്ടുവന്ന ചേട്ടന്റ ചതഞ്ഞരഞ്ഞു വികൃതമായ ശവശരീരമായിരുന്നു..!!

പണി കഴിഞ്ഞു കടലമിട്ടായി വാങ്ങാൻ പോയ സമയം ഒരു തടി ലോറി പിന്നിലൂടെ ശരീരത്തിൽ കയറിയിറങ്ങി..!!

അന്ന് ആ കുടുംബത്തിൽ ഒരു വിളക്ക് കെട്ടു..!

ശാരിക അതോടെ തികച്ചും മൗനിയായി. ട്യൂമർ അവളെ പെട്ടെന്ന് ആക്രമിക്കാൻ തുടങ്ങി..!!

ഇപ്പോൾ ഇതാ അവളുടെ അവസാന നിമിഷങ്ങളിലേക്ക് കടന്നിരിക്കുന്നു..!!

ശരികയുടെ ഡിസ്ചാർജ് ഇന്നാണ്..!
ഇനിയൊരു അഡ്മിഷൻ ഇല്ലാത്ത ഡിസ്ചാർജ്..!!

രാത്രിയായിരുന്നു അവർക്ക് പോകാനുള്ള ട്രെയിൻ.

ഡിസംബറിലെ തണുത്ത ഒരു രാത്രി..!

ഹോസ്പിറ്റലിന്റെ കാർപോർച്ചിൽ ശാരികയെ യാത്രയാക്കാൻ
കുറെപ്പേരുണ്ട്.

എല്ലാവർക്കും അറിയാം ഇത് ആ കുട്ടിയുടെ അവസാനയാത്ര
ആണെന്ന്..!!

ടാക്സി വന്നു. പോകുന്നതിന്  മുൻപ് അവൾ എന്റെ കയ്യിൽ പതിയെ
പിടിച്ചു..!

 നനുത്ത ചൂടുള്ള ഒരു സ്പർശം..!

പതിയെ ആരും കേൾക്കാതെ എന്റെ
ചെവിയിൽ പറഞ്ഞു..

"ഏട്ടാ.. ഏട്ടൻ എനിക്കെന്റെ മരിച്ചുപോയ സ്വന്തം ഏട്ടൻ തന്നെയാണ്.. ട്ടോ "...!

"ഒരുപാട് ഇഷ്ട്ടം ആണെട്ടോ "..

"ഒരുപാടിഷ്ട്ടം"...!!!

ടാക്സി ഇരുട്ടിലൂടെ മുന്നോട്ടു പോയി..!

ശരിക പോയി..!!

 എന്റെ കൈകളിൽ അവളുടെ രണ്ട് തുള്ളി കണ്ണീർത്തുള്ളികൾ..!!

ഹൃദയം നുറുങ്ങുന്ന വേദനയുടെ ഒരു രാത്രി..!

"വേദന...!!

 ശ്വാസം മുട്ടിക്കുന്ന വേദന..!!

"ഞാൻ രക്ഷപ്പെടുമോ ചേട്ടാ?"

അവൾ എന്നോട് ചോദിച്ച ആ ചോദ്യം..!

നക്ഷത്രക്കല്ലുകൾ പാകിയ വീഥിയിൽ നടക്കാനിറങ്ങുന്ന ദൈവം
കേൾക്കുന്നുണ്ടാവുമോ ഈ കരച്ചിൽ..!

തന്റെ വർണ്ണപുസ്തകത്താളുകളിൽ എഴുതിയ ഒരുപാട്
തങ്കലിഖിതങ്ങൾക്കിടയിൽ ഒരു രസത്തിന് കറുത്ത ചായം മുക്കി വരച്ച
കരിമഷിക്കോലങ്ങളുടെ കരച്ചിൽ..!

വിടരും മുൻപേ കൊഴിയുന്ന കണ്ണീർപ്പൂവിന്റെ 
കരച്ചിൽ..!!

പാവം ശാരികയുടെ കരച്ചിൽ..!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക