അരുളുക ദേവാ വിജ്ഞാനം (പി.സി. മാത്യു)

Published on 06 December, 2021
അരുളുക ദേവാ വിജ്ഞാനം  (പി.സി. മാത്യു)
അതികാലത്തു ഹൃദയത്തിലുദിച്ചു വരുമെൻ
അറിവിന്റെ ഉറവിടമാമെൻ ശ്രീ യേശുദേവാ...
അരുളീടണം തിരുവചനങ്ങളീയുദയത്തിലും  
അനുഗ്രഹമാകണമീദിനവും നിൻ മഹിമക്കായി.  

മാതൃകയാകുവാൻ വരമരുളേണമെനിക്കുമെൻ
മനസ്സിൽ താലോലിക്കുമോരോരോ സഹജർക്കും...
നിൻ പാദ സേവ ചെയ്യവർക്കുമരുളേണം ജ്ഞാനം
നീതി നടപ്പാക്കും നീതി പാലകർക്കും ലോഭമെന്യേ.

രാജ്യം ഭരിക്കുമോരോ ഭരണാധികാരികൾക്കും
രാജസുഖത്തോടൊപ്പമരുളേണം സർവ ജ്ഞാനവും...
മാറ്റങ്ങളുൾക്കൊള്ളും മനസ്സും സേവ ചെയ്യാൻ തക്ക
മിടുക്കും, മാൻപേടപോലോടുവാൻ കാലമേകുക.

നിയമം  പാലിക്കുവാനരുളേണം കൃപ ജനത്തിനും
നിസ്തുല്യമാം നിൻ നാമത്തിനു കളങ്കമേശാതെ...
നടക്കുവാൻ പഠിപ്പിക്കേണം ദിനവുമെൻ നാട്ടിൽ
നന്മ മാത്രമാശിക്കുമോരോരോ പൗരനും ദയയാൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക