14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

Published on 07 December, 2021
 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു
കൊഹിമ: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ സൈന്യത്തിന്റെ വെടിയേറ്റ് 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍, സൈന്യത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. '21 പാര സ്‌പെഷല്‍ ഫോഴ്‌സി'നെതിരെയാണ് പൊലീസ് കേസ്. സൈന്യം നടത്തിയ കൊലക്കെതിരെ മേഖലയില്‍ പ്രതിഷേധം ആളിപ്പടരുകയാണ്. ഗോത്രസഭകളുടെ ആഹ്വാനത്തിന് പിന്നാലെ, പലയിടത്തും ബന്ദിന് സമാനമായ സ്ഥിതിയാണ്. നിശാനിയമം പ്രാബല്യത്തിലുള്ള മോണ്‍ നഗരത്തില്‍ സംഘര്‍ഷം തുടരുന്നു. കൊല്ലപ്പെട്ട ഗ്രാമീണരുടെ എണ്ണം 17 ആണെന്ന് ഗോത്രസഭകളുടെ ഉപരിസമിതിയായ 'കോന്യാക് യൂനിയന്‍' ആദ്യം പറഞ്ഞെങ്കിലും പിന്നീടിത് 14 ആക്കി. ശനിയും ഞായറുമായുണ്ടായ വ്യത്യസ്ത സംഭവങ്ങളില്‍ 14 സിവിലിയന്മാര്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

ഖനി തൊഴിലാളികളെ നാഗാ തീവ്രവാദികളെന്നു തെറ്റിദ്ധരിച്ചു സൈന്യം വെടിവെച്ചതിനെ തുടര്‍ന്നാണ് ആദ്യം ആറുപേര്‍ കൊല്ലപ്പെട്ടത്. തൊഴിലാളികള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പ്രദേശത്തുള്ളവര്‍ തിരച്ചിലിനിറങ്ങുകയും അവര്‍ സൈനിക വാഹനങ്ങള്‍ വളഞ്ഞുവെക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഇതിനിടെ, സൈനികര്‍ നടത്തിയ വെടിവെപ്പില്‍ ഏഴുപേര്‍ കൂടി കൊല്ലപ്പെടുകയും ചെയ്തു. ഞായറാഴ്ച പ്രദേശത്ത് കലാപസമാനമായ അന്തരീക്ഷമായിരുന്നു. 'കോന്യാക് യൂനിയന്‍' ഓഫിസുകളും 'അസം റൈഫിള്‍സ്' ക്യാമ്പും ജനക്കൂട്ടം തകര്‍ത്തു. ഈ സംഭവത്തില്‍ സേനയുടെ വെടിയേറ്റാണ് ഒരാള്‍ കൂടി കൊല്ലപ്പെട്ടത്.

സൈന്യം നടത്തിയ വെടിവെപ്പില്‍ സ്വമേധയാ കേസെടുത്ത പൊലീസ്, ഐ.പി.സി 302,307,34 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. സിവിലിയന്മാര്‍ക്കുനേരെ ബോധപൂര്‍വം നടത്തിയ കൊലയെന്നാണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. പ്രകോപനമില്ലാതെയാണ് വെടിവെപ്പെന്നും പൊലീസ് പറയുന്നു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക