Image

മണ്ണിര ( കഥ : കുമാരി. എൻ കൊട്ടാരം.)

Published on 07 December, 2021
 മണ്ണിര  ( കഥ : കുമാരി. എൻ കൊട്ടാരം.)
തുണി  കഴുകിക്കൊണ്ടിരുന്നപ്പോൾ സോപ്പു വെള്ളം വീണിടത്ത് നിന്ന് ഒരു മണ്ണിര മെല്ലെ തല നീട്ടി പാതിദേഹം പുറത്താക്കി കിടന്നു.
എത്ര നാളായി നിങ്ങളെ അന്വേഷിക്കുന്നു. പണ്ട് പറമ്പ് നിറയെ ഉണ്ടായിരുന്നു. എവിടെ കി ളച്ചാലും നിങ്ങളിൽ ആരുടെയെങ്കിലുമൊക്കെ ദേഹം മുറിയുമായിരുന്നു.
ചൂടു കപ്പവെള്ളവും കഞ്ഞിവെള്ളവുമൊന്നും പുറത്തേക്ക് ഒഴിക്കാതിരിക്കാൻ ശ്രദ്ധിക്കുമായിരുന്നു. എങ്ങാനും ഒഴിച്ചാൽ നിങ്ങൾ തലനീട്ടി പുറത്തു വരുമായിരുന്നു. ചിലപ്പോൾ പൊള്ളിപ്പിടഞ്ഞ് .....
പക്ഷേ നിങ്ങളൊക്കെ എവിടെപ്പോയൊളിച്ചു ? കമ്പോസ്റ്റുണ്ടാക്കാനായി ഈ പറമ്പു മുഴുവൻ തിരഞ്ഞു ഞാൻ. ഒരാളെ. പോലും കിട്ടിയില്ല. എത്ര നാൾ കൂടിയാ  ഒന്നിനെ കാണുന്നത് --
മണ്ണ് ദിനത്തിൽ തന്നെ നിന്നെ കണ്ടതിൽ സന്തോഷം.
ഞാനൊന്നു നിർത്തിയ പ്പോൾ മണ്ണിര ചോദിച്ചു: കഴിഞ്ഞോ ?
"എന്ത് ?"
" കുറേ നേരമായല്ലോ വളവളാ പറയുന്നു."
"എന്തേ നീ അങ്ങനെ പറയുന്നു ?
" പിന്നല്ലാതെ .മണ്ണു ദിനമാത്രെ മണ്ണുദിനം!.ചവിട്ടി നില്ക്കുന്ന മണ്ണിനെ അറിയാനും നിങ്ങൾക്കൊരു ദിനം വേണം.പറഞ്ഞിട്ടെന്ത് ?
മാതൃദിനം വരുമ്പോൾ മാത്രം അമ്മമാരേക്കുറിച്ച് ഓർക്കുകയും പറയുകയും പാടുകയും ചെയ്യുന്നവരല്ലേ നിങ്ങൾ .മണ്ണിൻ്റേയും കർഷകരുടേയും
മിത്രമായ ഞങ്ങളെ ആരോർക്കുന്നു ?
അന്നം തരുന്ന കർഷകരേ പ്പോലും സമരങ്ങളിലേയ്ക്കും സമരസപ്പെടാൻ പറ്റാത്തവരെ ആത്മഹത്യയിലേക്കും കൊണ്ടെത്തിക്കുന്ന നിങ്ങളുടെ ഇരുനീതി നയമുണ്ടല്ലോ ഇരുതലമൂരികളേയും നാണിപ്പിക്കും.
നിങ്ങളൊക്കെ എവിടെപ്പോയി ഒളിച്ചെന്ന് ലജ്ജയില്ലേ ചോദിക്കാൻ ?. മുറ്റമടിക്കുമ്പോൾ എല്ലായിടവും കുരിപ്പയാണെന്നും പറഞ്ഞ് നിരന്തരം ചീത്ത പറയുകയും മുറ്റം നിറയെ ടൈൽ പാകുകയും ചെയ്തപ്പോൾ അതിനടിയിൽപെട്ട് പൊലിഞ്ഞു പോയത് എന്നേപ്പോലുള്ള ആയിരങ്ങളാ. 
പറമ്പിലെ പുല്ലും കളയും പറിച്ചു കളയുന്നതിനു പകരം രാസലായനി തളിക്കുന്നത് നിങ്ങളുടെ സ്ഥിരം പരിപാടിയല്ലായിരുന്നോ? അപ്പോഴൊന്നും ഈ സ്നേഹം കണ്ടില്ലല്ലോ.
പിന്നെ ഹൗ ഓൾഡ്‌ ആർ യു കണ്ടപ്പോൾ മണ്ണും വാരി ബാഗിലാക്കി ടെറസ്സിലേക്ക് കയറി.
ജൈവ പച്ചക്കറി എന്ന് വീമ്പു പറയാനായി കമ്പോസ്റ്റുണ്ടാക്കാൻ ഞങ്ങളെ തിരഞ്ഞു. എവിടെ കിട്ടാൻ?

മണ്ണിര പറഞ്ഞതൊക്കെ സത്യമാണ്. മണ്ണ് മറക്കുന്ന മനുഷ്യന്  മണ്ണിലേക്കു മടങ്ങാൻ നേരമേ ബോധമുദിക്കൂ എന്നുണ്ടോ.
കിട്ടിയതിനെ കളയേണ്ട കമ്പോസ്റ്റു കുഴിയിലിടാം.
ഞാൻ ചെറിയ തൂമ്പയുമായി എത്തിയപ്പോൾ മണ്ണിരയെ കണ്ടില്ല .അവിടെയെല്ലാം കിളച്ചു നോക്കി. അപ്പോൾ മതിലിലിരുന്ന കാക്ക പറഞ്ഞു.
ഇതാ ഇവിടെയുണ്ട്. ഞാനെടുത്തു അതിനെ .
എൻ്റെ മണ്ണിരയെ നീ എടുത്തതെന്തിന്?
നിൻ്റെ മണ്ണിയോ? ഒരിക്കലുമല്ല.
ഇതിവിടെ ഒറ്റയ്ക്കല്ലേ. ഇതിൻ്റെ കൂട്ടരുള്ള ഇടം എനിക്കറിയാം. ഞാനിതിനെ അവിടെയെത്തിക്കും.
മണ്ണിരയേയും കൊത്തിയെടുത്ത് കാക്ക പറന്നു പോയി.
മണ്ണിരകൾ ഉള്ളയിടം എവിടെയാണെന്നു ചോദിക്കാൻ കഴിഞ്ഞില്ലല്ലോ. ആ കാക്ക ഇനി വരുമോ ആവോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക