നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയുടെ ഫ്‌ലഷ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാവ് അറസ്റ്റില്‍

Published on 07 December, 2021
നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയുടെ ഫ്‌ലഷ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാവ് അറസ്റ്റില്‍
തഞ്ചാവൂര്‍: നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിയുടെ ഫ്‌ലഷ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍.

തഞ്ചാവൂര്‍ സ്വദേശി ബുഡാലൂര്‍ സ്വദേശിയായ പ്രിയദര്‍ശിനി(23)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. അവിഹിത ഗര്‍ഭത്തില്‍ കുഞ്ഞ് പ്രസവിച്ചത് ആരും അറിയാതിരിക്കാനാണ് തഞ്ചാവൂര്‍ മെഡികല്‍ കോളജിന്റെ ശുചിമുറിയുടെ ഫ്‌ലഷ് ടാങ്കിലിട്ട് പ്രിയദര്‍ശിനി കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകം മറച്ചുവച്ചതിന് പ്രിയദര്‍ശനിയുടെ മാതാപിതാക്കളും പൊലീസ് പിടിയിലായി. പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്ന് പറഞ്ഞ് തഞ്ചാവൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രിയദര്‍ശനി ചികിത്സ തേടി. പ്രസവ വാര്‍ഡോ, പ്രസവ ചികിത്സയോ ഇല്ലാത്ത ആശുപത്രിയില്‍, ഐസിയുവിലെ ശുചിമുറിക്കകത്ത് കയറിയ യുവതി പ്രസവ ശേഷം കുഞ്ഞിനെ ഫ്‌ലഷ് ടാങ്കില്‍ ഒളിപ്പിച്ചതിന് ശേഷം യുവതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്‌ലഷ് ടാങ്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് യുവതിയും മാതാപിതാക്കളും കുടുങ്ങിയത്. പ്രിയദര്‍ശിനി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകം ഐപിസി 302, തെളിവ് നശിപ്പിക്കല്‍ ഐപിസി 201 എന്നീ വകുപ്പുകളാണ് പ്രിയദര്‍ശനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക