ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകിയെ കാണാന്‍ അതിര്‍ത്തി ചാടിയെത്തിയ പാക് യുവാവ് അറസ്റ്റില്‍

Published on 07 December, 2021
ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകിയെ കാണാന്‍ അതിര്‍ത്തി ചാടിയെത്തിയ  പാക് യുവാവ് അറസ്റ്റില്‍
ഫേസ്ബുക്ക് വഴി പ്രണയത്തിലായ കാമുകിയെ കാണാന്‍ അതിര്‍ത്തിവേലി ചാടിക്കടന്ന പാകിസ്താനി യുവാവ് അറസ്റ്റിലായി.

പാക് അതിര്‍ത്തി ജില്ലയായ ബഹവല്‍പുര്‍ സ്വദേശി മുഹമ്മദ് അമീര്‍ (22) ആണ് പിടിയിലായത്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ അതിര്‍ത്തിയില്‍ ശനിയാഴ്ചയാണ് സംഭവം. ബി.എസ്.എഫിന്‍റെ പട്രോളിങിനിടെയാണ് ഇയാള്‍ പിടിയിലായത്.

യുവാവിന്‍റെ പക്കല്‍ മൊബൈല്‍ ഫോണും കറന്‍സി നോട്ടുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ശ്രീ ഗംഗാനഗര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ്മ അറിയിച്ചു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ  കാമുകിയുമായി പരസ്പരം നമ്ബറുകള്‍ കൈമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ യുവാവ് സമ്മതിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം അമീറിനെ വിശദമായി ചോദ്യം ചെയ്യും.

മുംബൈയിലേക്ക് പോകാന്‍ വിസയ്ക്ക് അപേക്ഷിച്ചെങ്കിലും ഇന്ത്യന്‍ അധികൃതര്‍ അപേക്ഷ നിരസിച്ചുവെന്നും, മുംബൈയിലേക്കുള്ള യാത്ര മാറ്റിവെക്കാന്‍ കഴിയാത്തതിനാലാണ് അതിര്‍ത്തി ചാടി കടന്ന് മുംബൈയിലെത്താന്‍ ശ്രമിച്ചതെന്നും മുഹമ്മദ് അമീര്‍ പോലീസിനോട് പറഞ്ഞു.

അതേസമയം, അതിര്‍ത്തിയില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെയുള്ള മുംബൈയിലേക്ക് എങ്ങനെ പോകുമെന്നതിന് അമീറിന് യാതൊരു ധാരണയും ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അമീര്‍ താമസിക്കുന്ന ഹസില്‍പൂര്‍ തഹ്‌സില്‍. മുംബൈയിലുള്ള യുവതിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും, വിശദമായ ചോദ്യം ചെയ്യലിന് ശേഷം സംശയാസ്പദമായി മറ്റൊന്നുമില്ലെങ്കില്‍ അമീറിനെ പാകിസ്താന് കൈമാറുമെന്നും പോലീസ് സൂപ്രണ്ട് ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക