മധ്യപ്രദേശില്‍ കത്തോലിക്കാ സ്കൂള്‍ ബജ്രംഗ്ദള്‍, വിഎച്ച്‌പി പ്രവര്‍ത്തകര്‍ തകര്‍ത്തു

Published on 07 December, 2021
മധ്യപ്രദേശില്‍ കത്തോലിക്കാ സ്കൂള്‍ ബജ്രംഗ്ദള്‍, വിഎച്ച്‌പി പ്രവര്‍ത്തകര്‍ തകര്‍ത്തു
മധ്യപ്രദേശില്‍ കത്തോലിക്കാ സ്കൂള്‍ ബജ്രംഗ്ദള്‍, വിഎച്ച്‌പി പ്രവര്‍ത്തകര്‍ തകര്‍ത്തു. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ തഹ്സിലിലുള്ള സെന്റ് ജോസഫ് കത്തോലിക്കാ സ്‌കൂളാണ് ഇന്നലെ ഉച്ചയോടെ അക്രമികള്‍ തകര്‍ത്തത്.

8 വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ മതംമാറ്റിയെന്ന്​ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

അക്രമാസക്തരായ പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളികളോടെ സ്‌കൂളിനകത്ത് കടക്കുകയും കണ്ണില്‍കണ്ടെതെല്ലാം നശിപ്പിക്കുകയും ചെയ്തു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് സ്കൂളിന് നേരെ ആക്രമണം ഉണ്ടായത്.

കല്ലുകളും ഇരുമ്ബുവടികളുമായാണ് സംഘം ആക്രമണം നടത്തിയതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബ്രദര്‍ ആന്റണി തിനുങ്കല്‍ പറഞ്ഞു. 

അക്രമകാരികളില്‍നിന്ന് സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ഥികളും സ്‌കൂള്‍ ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് എന്‍ഡിടിവി റിപോര്‍ട് പറയുന്നത്. ജനക്കൂട്ടം ചില്ലുകള്‍ക്ക് നേരെ കല്ലെറിഞ്ഞതോടെ എല്ലാവരും പരിഭ്രാന്തരായെന്ന് ഒരു വിദ്യാര്‍ഥി പറഞ്ഞു. പരീക്ഷ വീണ്ടും നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

 ആക്രമണം വ്യാജ പ്രചാരണത്തെ തുടര്‍ന്നെന്ന്  അറിയിച്ച സ്‌കൂള്‍ മാനേജ്‌മെന്റെ   മതപരിവര്‍ത്തനം നടത്തിയതായി പറയപ്പെടുന്ന ആരും സ്‌കൂളിലെ വിദ്യാര്‍ഥികളല്ലന്നും സ്‌കൂളിന്റെ പേരില്‍ പ്രചരിച്ച കത്ത് വ്യാജമെന്നും   പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികളെ കണ്ടെത്താന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും, അതോടൊപ്പം തന്നെ ആരോപണ വിധേയമായ മതപരിവര്‍ത്തനത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്നും പോലീസ് അറിയിച്ചു.
  സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക