സ്വിറ്റ്‌സര്‍ലന്‍ഡില്‍ 'ആത്മഹത്യാ മെഷീന്' നിയമാനുമതി

Published on 07 December, 2021
സ്വിറ്റ്‌സര്‍ലന്‍ഡില്‍ 'ആത്മഹത്യാ മെഷീന്' നിയമാനുമതി
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആത്മഹത്യാ മെഷീന് നിയമാനുമതി . ശവപ്പെട്ടിയുടെ ആകൃതിയിലുള്ള സാര്‍കോ എന്ന മെഷീനിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.  ഈ മെഷീനിലൂടെ ഒരു മിനിട്ടിനുള്ളില്‍ വേദനയില്ലാത്ത മരണം സാദ്ധ്യമാകും എന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. 

മെഷീനിനുള്ളിലെ ഓക്‌സിജന്റെ അളവ് കുറച്ചുകൊണ്ടാണ് മരണം സാദ്ധ്യമാക്കുന്നത്.

മെഷീനിന്റെ അകത്തു നിന്ന് തന്നെ ഇതിനെ പ്രവര്‍ത്തിപ്പിക്കാനാകും. ശരീരം തളര്‍ന്നു പോയ ആളുകള്‍ക്ക് കണ്ണുകള്‍ ചലിപ്പിച്ച് കൊണ്ട് ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഏത് സ്ഥലത്തേക്കും കൊണ്ടു പോകാന്‍ കഴിയും. മാത്രമല്ല, മരണം സംഭവിച്ച് കഴിഞ്ഞാല്‍ മെഷീനെ ഒരു ശവപ്പെട്ടിയായും ഉപയോഗിക്കാം.

 ‘മരണത്തിന്റെ ഡോക്ടര്‍’ എന്നറിയപ്പെടുന്ന ഡോ. ഫിലിപ് നിഷ്‌കെയാണ് ഇങ്ങനെ ഒരു മെഷീന്‍ നിര്‍മ്മിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ എക്‌സിറ്റ് ഇന്റര്‍നാഷണലിന്റെ ഡയറക്ടറാണ് ഡോ. ഫിലിപ് നിഷ്‌കെ.

മരിക്കാന്‍ ആഗ്രഹിക്കുന്നയാള്‍ മെഷീനിന് അകത്ത് കയറി കിടക്കണം. അപ്പോള്‍ മെഷീന്‍ നിരവധി ചോദ്യങ്ങള്‍ ചോദിക്കും. ചോദിക്കുന്നതിന് എല്ലാം ഉത്തരം നല്‍കിയതിന് ശേഷം മെഷീനിലുള്ള ബട്ടണ്‍ അമര്‍ത്തുക. ബട്ടണ്‍ അമര്‍ത്തിയതിന് ശേഷമാണ് മെഷീനിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സ്വിറ്റ്സര്‍ലന്‍ഡില്‍ ദയാവധത്തിന് നിയമപരമായി അനുമതിയുണ്ട്. കഴിഞ്ഞ വര്‍ഷം ഏകദേശം 1300ഓളം ആളുകള്‍ രാജ്യത്ത് ദയാവധം സ്വീകരിച്ചിരുന്നു.
അടുത്ത വര്‍ഷത്തോടെ സ്വിറ്റ്സര്‍ലന്‍ഡില്‍ കൂടുതല്‍ സാര്‍കോ ഉപയോഗത്തിന് ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ഫിലിപ് പറഞ്ഞു.

അതേസമയം, സാര്‍കോയ്ക്ക് എതിരെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഇത് വെറും ഗ്യാസ് ചേംബറാണെന്ന് വിമര്‍ശനം ഉയരുന്നതായി ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഇത് ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുകയാണ് എന്നും വിമര്‍ശനമുണ്ട്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക