Image

ഗ്യാസ് സ്റ്റേഷൻ ഉടമയെ ബാങ്കിന് മുന്നിൽ വച്ച് കവർച്ചക്കാർ കൊലപ്പെടുത്തി

Published on 07 December, 2021
ഗ്യാസ് സ്റ്റേഷൻ  ഉടമയെ ബാങ്കിന് മുന്നിൽ വച്ച് കവർച്ചക്കാർ കൊലപ്പെടുത്തി
ന്യൂയോർക്ക്: ബാങ്കിൽ പണമടക്കാൻ പോയ ഗ്യാസ്  സ്റ്റേഷൻ ഉടമയായ ഇന്ത്യാക്കാരൻ  അമിത് പട്ടേലിനെ  (45) ബാങ്കിന്റെ മുൻവാതിലിൽ വച്ച് വെടിവച്ച് കൊന്നു. അക്രമികൾ പണവുമായി രക്ഷപ്പെട്ടു.

ജോർജിയയിലെ കൊളംബസിൽ സൈനോവ്സ് ബാങ്കിൽ പണം നിക്ഷേപിക്കാൻ ഇന്നലെ (തിങ്കൾ) എത്തിയതായിരുന്നു പട്ടേൽ. ബാങ്ക് ഇരിക്കുന്ന ആകെട്ടിടത്തിൽ തന്നെയാണ് പോലീസ് സ്റ്റേഷനും.

മൂന്നു വയസ്സുള്ള പുത്രിയുടെ ജന്മദിനവും ഇന്നലെ ആയിരുന്നു.

പട്ടാപ്പകൽ ഇങ്ങനൊരു അക്രമം നടന്നത് ആളുകളെ അമ്പരപ്പിക്കുന്നു.

പെട്രോൾ സ്റ്റേഷനിൽ നിന്നുള്ള വാരാന്ത്യ കളക്ഷൻ ബാങ്കിൽ നിക്ഷേപിച്ച ശേഷം മകളുടെ ജന്മദിനം ആഘോഷിക്കാൻ ഇരിക്കെയാണ് പട്ടേൽ കൊല്ലപ്പെട്ടതെന്ന്  അദ്ദേഹത്തിന്റെ ബിസിനസ് പാർട്ട്ണർ  വിന്നി പട്ടേൽ വ്യക്തമാക്കി. പിറന്നാൾ ദിനത്തിൽ അച്ഛന് സംഭവിച്ചത് ആ മകൾക്ക്  ഒരിക്കലും മറക്കാനാവില്ലെന്നും വേദനയോടെ അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കൊളംബസ് മേയർ സ്കിപ്പ് ഹെൻഡേഴ്സൺ പറഞ്ഞു.

206,922 ജനസംഖ്യയുള്ള കൊളംബസിൽ ഈ വർഷം നടന്ന 65-ാമത്തെ കൊലപാതകമാണ് അമിത് പട്ടേലിന്റേത്. 2020 ൽ  46  കൊലപാതകങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.  2021 ൽ  റെക്കോർഡ് വർദ്ധനവാണുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം മിനിയാപൊളിസിൽ വച്ച് ആഫ്രിക്കൻ-അമേരിക്കനായ ജോർജ് ഫ്ലോയിഡിനെ  കൊലപ്പെടുത്തിയതിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ, പോലീസ് ഡിപ്പാർട്ട്‌മെന്റുകൾ ഇല്ലാതാക്കാനുമുള്ള പ്രചാരണവും പോലീസ് ബജറ്റ് വെട്ടിക്കുറയ്ക്കാനും നിയമപാലകരുടെ എണ്ണം കുറയ്ക്കാനുമുള്ള നീക്കവും കൊലപാതകങ്ങളുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കിയെന്നാണ് നിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക