തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ മേജര്‍ ആര്‍ച്ചുബിഷപ് അവസാനിപ്പിക്കണം: അതിരൂപത സരംക്ഷണ സമിതി

Published on 07 December, 2021
 തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ മേജര്‍ ആര്‍ച്ചുബിഷപ് അവസാനിപ്പിക്കണം: അതിരൂപത സരംക്ഷണ സമിതി

 കൊച്ചി: തങ്ങളുടെ തീരുമാനത്തിന് അനുകൂലമായി മാര്‍പാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിന്റെയും വാക്കുകളെ വളച്ചൊടിച്ച് പോലും ഉപയോഗിക്കുന്ന സീറോ മലബാര്‍ നേതൃത്വം തങ്ങള്‍ക്കനുകൂലമല്ലാത്ത വത്തിക്കാന്റെ പ്രസ്താവനകളെ നിരാകരിക്കുകയും ചെയ്യുന്ന പ്രവണത ഒട്ടും ക്രിസ്തീയമല്ലെന്ന് അതിരൂപത സംരക്ഷണസമിതിയംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനാവശ്യമായ പരസ്യപ്രസ്താവനകളിലൂടെ വിശ്വാസികളെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നത് ഇനിയെങ്കിലും നിറുത്തുന്നതാണ് മാന്യതയെന്നും അറിയിച്ചു. ഡിസംബര്‍ 5-ാം തീയതി അദ്ദേഹം സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ക്കും മെത്രാപ്പോലീത്തമാര്‍ക്കും അയച്ച കത്തിന്റെ കോപ്പി എന്തിനാണ് പിതാക്കന്മാര്‍ക്കു ലഭിക്കുന്നതിനു മുമ്പ് മാധ്യമങ്ങള്‍ക്കു കൊടുത്തത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഒരു സഭാദ്ധ്യക്ഷന്‍ തന്റെ കീഴിലുള്ള മെത്രാന്മാര്‍ക്ക് രഹസ്യമായി അയച്ച കത്ത് പരസ്യപ്പെടുത്തികൊണ്ട് കര്‍ദിനാള്‍ തന്റെ ഉദ്ദേശ്യം മെത്രാന്മാരല്ല മറിച്ച് സാധാരണ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കലാണ് എന്നു പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

 ഈ കത്തില്‍ നവംബര്‍ 28 ന് സീറോ മലബാര്‍ സഭയിലെ രണ്ടോ മൂന്നോ രൂപതകളിലൊഴിച്ച് ബാക്കി രൂപതകളില്‍ ഐക്യത്തിന്റെ കാഹളം പരത്തികൊണ്ട് സിനഡിന്റെ പുതിയ കുര്‍ബാനയര്‍പ്പിച്ചുവെന്നാണ് കര്‍ദിനാളിന്റെ അവകാശവാദം. പക്ഷേ 5 ലക്ഷം വിശ്വാസികളുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലും 3 ലക്ഷം വിശ്വാസികളുള്ള ഇരിങ്ങാലക്കുട രൂപതയിലും 1.5 ലക്ഷം വിശ്വാസികളുള്ള ഫരിദാബാദ് രൂപതയിലും 4.5 ലക്ഷം വിശ്വാസികളുള്ള തൃശ്ശൂര്‍ അതിരൂപതയുടെ 60-ഓളം പള്ളികളിലും ജനാഭിമുഖ കുര്‍ബാനയായിരുന്നു അന്നും ഇന്നും ചൊല്ലുന്നത്. പാലക്കാട്, താമരശ്ശേരി രൂപതകളിലെ ഭൂരിപക്ഷം വരുന്ന വൈദികരുടെ ജനാഭിമുഖ കുര്‍ബാനയക്കുവേണ്ടിയുള്ള മുറവിളിയെ അടിച്ചമര്‍ത്തികൊണ്ടാണ് ആ രൂപതകളില്‍ അള്‍ത്താരാഭിമുഖ കുര്‍ബാന ചൊല്ലിയതും. അപ്പോള്‍ സിനഡിന്റെ അള്‍ത്താരാഭിമുഖ കുര്‍ബാന വഴി സീറോ മലബാര്‍ സഭയില്‍ ഐക്യം സംജാതമാക്കാന്‍ സാധിച്ചുവെന്ന മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അവകാശവാദം വെറും പൊള്ളത്തരം മാത്രമാണ്. സമാധാനപരമായി ജനാഭിമുഖ കുര്‍ബാന ചൊല്ലിയിരുന്ന ഡല്‍ഹിയിലെ ഫരിദാബാദ് രൂപതയിലെ ഏതാനും പള്ളികളില്‍ തെറ്റിദ്ധാരണ പരത്തിയാണ് കുര്‍ബാന ചൊല്ലാന്‍ പോലും വൈദികരെ അനുവദിക്കാതെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

 നവംബര്‍ 28 മുതല്‍ ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തിക്കിട്ടിയ എറണാകുളം-അങ്കമാലി അതിരൂപതയും ഇരിങ്ങാലക്കുട രൂപതയും ആരെയും ഒന്നിനും കുറ്റപ്പെടുത്താതെയും വിജയാരാവങ്ങള്‍ ഉയര്‍ത്തതാതെയും വളരെ ശാന്തമായി പോകുകയാണ്. ഈ രൂപതകളിലെ ഇപ്പോഴുള്ള സമാധാനത്തെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഈയിടെ സീറോ മലബാര്‍ സഭയുടെ ആസ്ഥാനത്തുനിന്നും പരസ്യപ്പെടുത്തുന്ന പത്രപ്രസ്താവനകളും സര്‍ക്കുലറുകളും. ഇത് തികച്ചും മനഷ്യത്യരഹിതവും ജനാധിപത്യവിരുദ്ധവും എതിര്‍സാക്ഷ്യവുമാണ്. കുര്‍ബാനയുടെ പേരില്‍ ഇനിയും ഈ രൂപതകളില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ വീണ്ടും തീരാത്ത പ്രശ്‌നങ്ങളിലേക്കായിരിക്കും സീറോ മലബാര്‍ സഭയെ തള്ളിയിടുക. അതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം സിനഡിനും മേജര്‍ ആര്‍ച്ചുബിഷപ്പിനുമായിരിക്കും.

 മേജര്‍ ആര്‍ച്ചുബിഷപ്പും സിനഡ് പിതാക്കന്മാരും ഐക്യത്തിനുള്ള ഏക മാര്‍ഗമാണ് അള്‍ത്താരാഭിമുഖ കുര്‍ബാന എന്നു പറയുന്നതും മൗഢ്യമാണ്. ചങ്ങനാശ്ശേരിയിലും പാലായിലും കാഞ്ഞിരപ്പിള്ളിയിലും അള്‍ത്താര വിരിയിട്ടാണ് ഇപ്പോഴും കുര്‍ബാന, അവിടങ്ങളില്‍ കുരിശ് വരയ്ക്കാതെയാണ് കുര്‍ബാന ആരംഭിക്കുന്നത് മറ്റിടങ്ങളില്‍ കുരിശുവരച്ചാണ് കുര്‍ബാന തുടങ്ങുന്നത് എന്നിങ്ങനെ എന്തെല്ലാം വ്യത്യാസങ്ങളാണ് സീറോ മലബബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിലനില്‍ക്കുന്നത്. അപ്പോള്‍ പകുതി ജനാഭിമുഖവും പകുതി അള്‍ത്താരാഭിമുഖവും നടത്തുന്നതില്‍ മാത്രമാണ് സഭയുടെ ഐക്യം എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതു തന്നെ വിഭാഗിയത വളര്‍ത്താനേ ഉപകരിക്കൂ. സഭയിലെ ഐക്യത്തിനുള്ള ഏക മാര്‍ഗം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യത്തിലും തുറവിയിലും സീറോ മലബാര്‍ സഭയുടെ ആരാധനക്രമം പരിഷ്‌ക്കരിക്കുകയും ജനങ്ങള്‍ ജീവിക്കുന്ന കാലത്തിനനുസരിച്ച് ഇവിടുത്തെ സംസ്‌കാരത്തോട് അനുരൂപപ്പെടുത്തുകയും ചെയ്യലാണ്.

എറണാകുളം അങ്കമാലി അതിതരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ നേരിട്ട് ഫ്രാന്‍സിസ് മാര്‍പാപ്പയോട് ഇവിടുത്തെ പ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ മാര്‍പാപ്പയാണ് കാനോന്‍ നിയമത്തിലെ 1538 പ്രകാരം ഒരു മെത്രാന് നല്കാവുന്ന ഒഴിവ് ഇവിടെ നല്കാന്‍ പറഞ്ഞത്.

ആ കാനോനിക നിയമത്തിന് എന്ത് വ്യഖ്യാനം കൊടുത്താലും അതിന്റെ യഥാര്‍ത്ഥ വസ്തുത ഒരു രൂപതാദ്ധ്യക്ഷന് തന്റെ രൂപതയില്‍ പൊതുനിയമം പ്രാബല്യത്തില്‍ വരുത്തുമ്പോള്‍ വിശ്വാസികളുടെ ആത്മീയ നന്മയ്ക്ക് അതു ക്ഷതം വരുത്തുമെന്ന് ന്യായമായി കണ്ടെത്തിയാല്‍ സിനഡിനോടോ മറ്റാരോടോ ചോദിക്കാതെ പൊതുനിയമത്തില്‍ നിന്നും ഒഴിവു നല്കാം.  മാര്‍ ആന്റണി കരിയില്‍ പിതാവിന് പൗരസ്ത്യ തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ലെയോനാര്‍ദൊ സാന്ദ്രി നല്കിയ രേഖയില്‍ പറഞ്ഞിരിക്കുന്നത് നവംബര്‍ 9, 2020-ല്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന് കാനോന്‍ നിയമം 1538 നെക്കുറിച്ച് എഴുതിയപ്പോള്‍ ആ നിയമത്തെ യാതൊരു വിധത്തിലും പരിമിതപ്പെടുത്തിയിട്ടില്ല എന്നു തന്നെയാണ്. മാര്‍പാപ്പയ്ക്കും റോമിലെ പൗരസ്ത്യതിരുസംഘത്തിനുമെതിരെ തുടരെ തുടരെ പരസ്യപ്രസ്താവന ഇറക്കി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിലൂടെ കര്‍ദിനാള്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അധികാരം ദുര്‍വിനിയോഗിക്കുകയാണോ എന്ന് വിശ്വാസി സമൂഹം സംശയിക്കുകയും ചെയ്യുന്നുവെന്ന് അതിരൂപതാ സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവിച്ചു.

ഫാ. ജോസ് വൈലികോടത്ത്* (പി. ആര്‍. ഒ) എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക