Image

ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാതെ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ല- രാകേഷ് ടികായത്ത്

Published on 07 December, 2021
 ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാതെ കര്‍ഷകര്‍ വീട്ടിലേക്ക് മടങ്ങില്ല- രാകേഷ് ടികായത്ത്

ന്യൂഡല്‍ഹി: കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും നിറവേറ്റുന്നതുവരെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഒരു പരിധി വരെ സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ കര്‍ഷക സമരം അവസാനിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടികായത്തിന്റെ പ്രതികരണം. 'ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ഞങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍ നിര്‍ദേശങ്ങളില്‍ ഒരു വ്യക്തതയുമില്ല', സമരം അവസാനിപ്പിക്കാന്‍ പോകുകയാണോ എന്ന ചോദ്യത്തിന് ടികായത്ത് മറുപടി നല്‍കി..

കര്‍ഷകരുടെ ആശങ്കകള്‍ സംബന്ധിച്ച് കര്‍ഷക സംഘടനകള്‍ നാളെ രണ്ടു മണിക്ക് യോഗം ചേരും. കര്‍ഷകര്‍ എങ്ങോട്ടേക്കും നിലവില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ല. നിര്‍ദേശങ്ങളില്‍ പലതും കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷമായി പറയുന്ന കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ എല്ലാം പരിഹരിക്കുന്നത് വരെ ആരും വീട്ടിലേക്ക് മടങ്ങുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പഞ്ചാബ് സര്‍ക്കാരിനെ മാതൃകയാക്കണമെന്ന് മറ്റൊരു കര്‍ഷക നേതാവ് ഗുര്‍നാം സിങ് ചദുനി പറഞ്ഞു.  അഞ്ചു ലക്ഷം രൂപയും ജോലിയും നല്‍കിയ പഞ്ചാബ് സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാരും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക