സന്ദീപ് വധം ; പ്രതികള്‍ക്ക് നേരെ അണപൊട്ടി ജനരോഷം

ജോബിന്‍സ് Published on 08 December, 2021
സന്ദീപ് വധം ; പ്രതികള്‍ക്ക് നേരെ അണപൊട്ടി ജനരോഷം
തിരുവല്ല പെരിങ്ങയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചു. പ്രതികള്‍ക്കെതിരെ ജനരോഷം അണപൊട്ടിയതിനാല്‍ അഞ്ച് മിനിറ്റ് കൊണ്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസിന് പ്രതികളുമായി മടങ്ങേണ്ടി വന്നു.

പ്രതിയുമായി പോലീസ് എത്തുന്നതറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് സംഭവ
സ്ഥലത്ത് തടിച്ചുകൂടിയിരുന്നത്. പ്രതികളുമായി പോലീസ് വാഹനം എത്തിയപ്പോള്‍ തന്നെ പോലീസ് വലയം ഭേദിച്ച് രോഷാകുലരായ നാട്ടുകാര്‍ പ്രതികള്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. 

സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളടക്കം കടുത്ത രോഷത്തോടെയാണ് പ്രതികള്‍ക്ക് നേരെ പ്രതികരിച്ചത്. കേസിലെ പ്രതികളായ യുവമോര്‍ച്ചാ നേതാവ് ജിഷ്ണു രഘു, പ്രമോദ് പ്രസന്നന്‍, നന്ദു അജിത്, മന്‍സൂര്‍, വിഷ്ണുകുമാര്‍ എന്നിവരെയാണ് കഴിഞ്ഞ ഡിവൈഎസ്പി ടി രാജപ്പന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിനെത്തിച്ചത്. പ്രതികള്‍ സന്ദീപിനെ വെട്ടിയ കലുങ്കിനടുത്തെത്തിച്ച് കൃത്യം നടത്തിയത് എങ്ങനെയെന്ന് പൊലീസ് ചോദിച്ച് മനസ്സിലാക്കി.

ഒന്നും അഞ്ചും പ്രതികളായ ജിഷ്ണു, വിഷ്ണു എന്നിവരെ ഒരുമിച്ച് വിലങ്ങിട്ടാണ് കൊണ്ടുവന്നത്. കാസര്‍കോട് സ്വദേശി മന്‍സൂറിനെ ജീപ്പില്‍ നിന്നിറക്കിയതോടെയാണ് പ്രതിഷേധം കനത്തത്. പ്രതികള്‍ക്ക് സന്ദീപുമായി യാതൊരു വ്യക്തിവൈരാഗ്യവുമില്ലെന്നും പ്രതികള്‍ പറയുന്നത് കള്ളമാണെന്നുമാണ് നാട്ടുകാരുടെ വാദം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക