വഖഫ് നിയമനം ; ലീഗിന്റെ സമരം പൊളിയുന്നു ; നിലപാട് വ്യക്തമാക്കി സമസ്ത

ജോബിന്‍സ് Published on 08 December, 2021
വഖഫ് നിയമനം ; ലീഗിന്റെ സമരം പൊളിയുന്നു ; നിലപാട് വ്യക്തമാക്കി സമസ്ത
വഖഫ് നിയമനം പിഎസ്സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുസ്ലീം സമുദായത്തെ മുഴുവന്‍ അണിനിരത്തി സമരത്തിനിറങ്ങാനുള്ള ലീഗ് നീക്കത്തിന് കനത്ത തിരിച്ചടി. ഈ വിഷയത്തില്‍ സമസ്ത സമരത്തിനോ പ്രതിഷേധത്തിനോ ഇല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. 

ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇന്നലെ സമസ്തയുടെ നേതാക്കളെ നേരില്‍ കണ്ടിരുന്നു. വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടണമെന്ന നിര്‍ദ്ദേശം വഖഫ് ബോര്‍ഡാണ് സര്‍ക്കാരിന് മുന്നില്‍ വച്ചതെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി സമസ്ത നേതാക്കളെ അറിയിച്ചിരുന്നു. 

ഇതേ തുടര്‍ന്നാണ് സമരമോ പ്രതിഷേധമോ വേണ്ടെന്ന് സമസ്ത നിലപാടെടുത്തത്. വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേത് മാന്യമായ സമീപനമാണ്. വഖഫ് നിയമനം പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. തുടര്‍ നടപടികളൊന്നും നിലവില്‍ എടുത്തിട്ടില്ലെന്നാണ് പറഞ്ഞത്. ആ സ്ഥിതിക്ക് ഇനി പ്രതിഷേധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ വിഷയത്തില്‍ ലീഗിന്റെ രാഷ്ട്രീയ നീക്കത്തെ തകര്‍ക്കുന്ന തന്ത്രമാണ് പിണറായി നടപ്പിലാക്കിയത്. ലീഗ് വിളിച്ച യോഗത്തില്‍ നിന്നും മുമ്പ് സമസ്ത വിട്ടു നിന്നതിന് പിന്നിലും മുഖ്യമന്ത്രിയുടെ ഇപെടലായിരുന്നു. ലീഗിനേയും ലീഗിനേട് അനുഭാവം പുലര്‍ത്തുന്ന സംഘടനകളേയും ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പോലും ക്ഷണിക്കാതെ സമസ്തയെ വിളിച്ച് തീരുമാനമറിയിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക