കള്ളപ്പണം ; സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്

ജോബിന്‍സ് Published on 08 December, 2021
കള്ളപ്പണം ; സംസ്ഥാനത്ത് പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്
സംസ്ഥാന വ്യാപകമായി പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കണ്ണൂര്‍, മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനകമ്മിറ്റി അംഗം അഷറഫിന്റെ മൂവാറ്റുപുഴയിലെ വീട്ടില്‍ രാവിലെയെത്തിയാണ് ഒരു സംഘം ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഈ സമയത്ത് വീട്ടില്‍ അഷ്‌റഫ് ഉണ്ടായിരുന്നില്ല.ഇ.ഡി പരിശോധനക്കെതിരെ സ്ഥലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മൂവാറ്റുപുഴ ടൗണിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കടുത്ത പൊലീസ് വലയത്തിലാണ് പരിശോധന കഴിഞ്ഞു ഇ.ഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

അതേസമയം, കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷഫീഖിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇ.ഡി. റെയ്ഡ് നടക്കുന്നതിനിടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വീടിന് മുന്നില്‍ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയുമായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക