സംയുക്ത സൈനികമേധാവിയും സംഘവും സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു

ജോബിന്‍സ് Published on 08 December, 2021
സംയുക്ത സൈനികമേധാവിയും സംഘവും സഞ്ചരിച്ച ഹെലികോപ്ടര്‍ ഊട്ടിയില്‍ തകര്‍ന്നു വീണു
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടര്‍ തമിഴ്നാട്ടിലെ ഊട്ടിയില്‍ തകര്‍ന്നു വീണു. ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടര്‍  തകര്‍ന്ന് വീണത്.  ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേര്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

പ്രാദേശിക സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, 80 ശതമാനം പൊള്ളലേറ്റ രണ്ട് മൃതദേഹങ്ങള്‍ നാട്ടുകാര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിയിച്ചു. മറ്റ് മൃതദേഹങ്ങള്‍ വീണ്ടെടുക്കാനും തിരിച്ചറിയുന്നതിനുമായുള്ള ശ്രമങ്ങള്‍ തുടരുകയാണ് എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയില്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി ഉടന്‍ തന്നെ സംഭവ സ്ഥലത്തേയ്ക്ക് തിരിക്കും. 

സുളൂര്‍ വ്യോമസേന കേന്ദ്രത്തില്‍ല്‍ നിന്നും വെല്ലിംഗ്ടണ് ഡിഫന്‍സ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര എന്നാണ് കരസേന അറിയിക്കുന്നത്. ഡിഫന്‍സ് കോളേജില്‍ ഇന്ന് ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിന്റെ പ്രഭാഷണമുണ്ടായിരുന്നു.

ജീവനോടെ രക്ഷപ്പെടുത്തിയ രണ്ട് പേര്‍ക്ക് 80 ശതമാനത്തിലേറെ പൊള്ളലേറ്റ സാഹചര്യത്തില്‍ ഹെലികോപ്ടറിലുണ്ടായിരുന്നവരുടെ ആരോഗ്യനിലയില്‍ അതീവ ആശങ്ക തുടരുകയാണ്. അപകടത്തെക്കുറിച്ച് വിശദ വിവരങ്ങള്‍ നല്‍കാന്‍ വ്യോമസേനയോടും കരസേനയോടും പ്രതിരോധമന്ത്രാലയം ആവശ്യപ്പെട്ടു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക