ഒമിക്രോണിനെ ഭയക്കേണ്ടതുണ്ടോ? അത്ര തീവ്രമല്ലെന്ന് ഫൗച്ചി 

Published on 08 December, 2021
ഒമിക്രോണിനെ ഭയക്കേണ്ടതുണ്ടോ? അത്ര തീവ്രമല്ലെന്ന് ഫൗച്ചി 

ഒമിക്രോൺ എന്ന പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ ആശങ്ക പുറത്തുവിട്ടതുമുതൽ ലോകരാജ്യങ്ങളെ നിരവധി ചോദ്യങ്ങൾ കുഴപ്പിക്കുകയാണ്. ഈ വേരിയന്റ് മറ്റുള്ളവയെ അപേക്ഷിച്ച് എത്രമാത്രം അപകടകാരിയാണെന്നോ വ്യാപനതോത് എങ്ങനെയാണെന്നോ നിലവിലെ വാക്സിനുകൾ കൊണ്ട് നേരിടാനാകുമോ എന്നോ ശാസ്ത്രലോകത്തിന് തുടക്കത്തിൽ കൃത്യമായി പറയാൻ കഴിഞ്ഞിരുന്നില്ല. രണ്ടാഴ്ച വിശദമായി പേടിച്ചും ഗവേഷണം നടത്തിയും വ്യക്തത വരുത്താനാകുമെന്ന പ്രതീക്ഷയാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രകടിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ  ഒമിക്രോണിനെ സംബന്ധിച്ച് ഏകദേശധാരണ ലഭ്യമായി എന്നുള്ള ഗവേഷകരുടെ അഭിപ്രായം ആശങ്ക വകഞ്ഞുമാറ്റി ആശ്വാസം പകരുകയാണ്.

ദക്ഷിണാഫ്രിക്കയിൽ ഒമിക്രോൺ ആദ്യമായി സ്ഥിരീകരിക്കപ്പെട്ടതോടെ കോവിഡ് കേസുകൾ ഗണ്യമായി വർധിച്ചതോടെ തന്നെ, ഈ വകഭേദത്തിന്റെ വ്യാപനതോത് അധികമാണെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. ഡെൽറ്റയേക്കാൾ കൂടുതൽ മ്യൂട്ടേഷൻ സംഭവിച്ചതുകൊണ്ടുതന്നെ പുതിയ വേരിയന്റ്, മുൻപ് കണ്ടെത്തിയവയുമായി താരതമ്യം ചെയ്യുമ്പോൾ വേഗത്തിൽ വ്യാപിക്കുന്നതായാണ് കാണുന്നത്. എന്നാൽ, ഒമിക്രോൺ മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തതുകൊണ്ടുതന്നെ ഈ വകഭേദം അത്ര അപകടകാരിയല്ലെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. എന്നാൽ, വകഭേദങ്ങൾ അതിന്റെ ഉഗ്രരൂപം കാണിക്കാൻ ആഴ്ചകൾ എടുത്തേക്കുമെന്ന വാദവും നിലനിൽക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ കേസുകൾ അടിസ്ഥാനപ്പെടുത്തി മറ്റു രാജ്യങ്ങളിൽ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും വിദഗ്ദ്ധർ പറയുന്നു. അവിടെ ജനസംഖ്യയിൽ കൂടുതലും യുവാക്കളും മുൻപ് ഡെൽറ്റ പിടിപ്പെട്ടവരുമാണ്. അവരോടുള്ള  ഒമിക്രോണിന്റെ രീതി തന്നെ ആയിരിക്കുമോ പ്രായമായ ആളുകൾ കൂടുതലുള്ള  മറ്റ് ഇടങ്ങളിലെന്ന് തറപ്പിച്ച് പറയാനാകില്ല.

വാക്സിൻ സ്വീകരിച്ചവർക്ക് ഒമിക്രോൺ പിടിപ്പെടുന്നുണ്ടെങ്കിലും അപകടസാധ്യത കുറയുന്നതായാണ് കാണുന്നത്. കേസുകൾ ഉയർന്നാൽ തന്നെയും വാക്സിനേഷൻ നിരക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ, ആശുപത്രിയിൽ പ്രവേശിതരാകേണ്ട രോഗികളുടെ എണ്ണം കുറവായിരിക്കുമെന്നത് വലിയ ആശ്വാസമാകും.
വാക്സിൻ സ്വീകരിക്കാത്തവർ എത്രയും വേഗമത് എടുക്കുകയും, പൂർത്തീകരിച്ചവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും ചെയ്ത് പ്രതിരോധം തീർക്കുന്നതായിരിക്കും ഈ പോരാട്ടത്തിൽ ഏറ്റവും നല്ല മാർഗം. 

നിലവിലെ പിസിആർ ടെസ്റ്റുകളിലും റാപിഡ് ഹോം ടെസ്റ്റുകളിലും ഒമിക്രോൺ ബാധിച്ചാൽ പരിശോധനാഫലം പോസിറ്റീവായി കാണിക്കുന്നതും ആശ്വാസകരമാണ്. ലക്ഷണങ്ങൾ പ്രകടമായാൽ ഉടനെ പരിശോധന തേടി സ്വയം ഐസൊലേഷനിൽ നീങ്ങുന്നതും രോഗവ്യാപനം തടുക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നു.

ചുരുക്കത്തിൽ,ഒമിക്രോണിനെ ഭയക്കേണ്ടതില്ല. എന്നാൽ,കൂടുതൽ വിവരങ്ങൾ അറിയുന്നതുവരെ  മുൻകരുതലും ജാഗ്രതയും അതിപ്രധാനമാണ്. 

 ഒമിക്രോൺ  ഡെൽറ്റയുടെ അത്ര തീവ്രമല്ലെന്ന് ഫൗച്ചി 

ലോകമെമ്പാടും വ്യാപിക്കുന്ന ഒമിക്രോൺ വേരിയന്റ്, ഡെൽറ്റയെക്കാൾ തീവ്രമല്ലെന്ന് ഡോ. ആന്റണി ഫൗച്ചി  വൈറ്റ് ഹൗസ് ബ്രീഫിംഗിൽ പറഞ്ഞു. എന്നാൽ, അത് വേഗത്തിൽ പകരുന്നതാണെന്ന മുന്നറിയിപ്പും ഫൗച്ചി  നൽകിയിട്ടുണ്ട്. കാര്യങ്ങൾക്ക് വ്യക്തത ലഭിക്കാൻ നിരവധി ആഴ്ചകൾ എടുത്തേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറസിന്റെ മുൻ വകഭേദങ്ങൾ  ബാധിച്ച ആളുകൾക്ക് ഒമിക്രോൺ പിടിപെടാൻ  കൂടുതൽ സാധ്യതയുണ്ടെന്ന് ആദ്യകാല പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്നും ഫൗച്ചി വ്യക്തമാക്കി.
 .ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പഠനമാണ്, മുമ്പ് ബീറ്റയോ ഡെൽറ്റയോ ബാധിച്ച ആളുകൾക്ക് ഒമിക്രോൺ  അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കാണിക്കുന്നതെന്ന്  അദ്ദേഹം വിശദീകരിച്ചു.
കൂടുതൽ അമേരിക്കക്കാർ വാക്സിനേഷൻ എടുക്കുകയോ വൈറസിനെതിരെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കുകയോ ചെയ്യണമെന്ന്  വൈറ്റ് ഹൗസ് കൊറോണ വൈറസ് റെസ്‌പോൺസ് കോർഡിനേറ്റർ ജെഫ് സിയന്റ്‌സ് അഭിപ്രായപ്പെട്ടു.
യുഎസിൽ കഴിഞ്ഞ ആഴ്ച 12.5 മില്യൺ  പുതിയ ഷോട്ടുകളും 7 മില്യൺ ബൂസ്റ്ററുകളും നൽകിയെന്നും സിയന്റ്‌സ്  പറഞ്ഞു.

 ന്യൂയോർക്കിൽ   ഒമിക്രോൺ  കേസുകൾ ഒരാഴ്ചകൊണ്ട്   12 കടന്നു.ശൈത്യകാലത്ത് കേസുകൾ ഇനിയും വർദ്ധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക