സൈനിക ഹെലികോപ്ടര്‍ അപകടം; മരിച്ചവരില്‍ തൃശ്ശൂര്‍ സ്വദേശി പ്രദീപും

Published on 08 December, 2021
സൈനിക ഹെലികോപ്ടര്‍ അപകടം; മരിച്ചവരില്‍ തൃശ്ശൂര്‍ സ്വദേശി പ്രദീപുംതൃശ്ശൂര്‍: കൂനൂര്‍ ദുരന്തത്തില്‍ മരിച്ച സേനാംഗങ്ങളില്‍ തൃശ്ശൂര്‍ പുത്തൂരിനടുത്തുള്ള പൊന്നൂക്കര മൈമ്പിള്ളി ക്ഷേത്രത്തിനു സമീപം അറയ്ക്കല്‍ വീട്ടില്‍ പ്രദീപും. ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ ഫ്‌ലൈറ്റ് ഗണ്ണര്‍ ആയിരുന്നു സേനയില്‍ വാറണ്ട് ഓഫീസറായ ഈ 37-കാരന്‍.

പ്രദീപ് സ്ഥലത്തുതന്നെ മരിച്ചു. കുടുംബത്തോടൊപ്പം കോയന്പത്തൂരിനടുത്തുള്ള സൂലൂര്‍ വായുസേനാ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. കുറച്ചുദിവസം മുമ്പ് മകന്റെ ജന്മദിനവും അച്ഛന്‍ രാധാകൃഷ്ണന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയിരുന്നു. മകന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് നാലുദിവസം മുമ്പാണ് മടങ്ങിയത്.

പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയശേഷം 2002-ലാണ് വായുസേനയില്‍ ചേര്‍ന്നത്. വെപ്പണ്‍ ഫിറ്റര്‍ ആയാണ് ആദ്യനിയമനം.. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും ഇന്ത്യയില്‍ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. 

ഒട്ടേറെ ജീവനുകള്‍ രക്ഷപ്പെടുത്താന്‍ സാധിച്ച ആ ദൗത്യസംഘത്തിന് ഇന്ത്യന്‍ പ്രസിഡന്റിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രത്യേക പ്രശംസ നേടാനായിരുന്നു. ഛത്തീസ്ഗഢിലെ മാവോവാദികള്‍ക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി അനേകം സേനാ മിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. 
2018-ല്‍ കേരളത്തിലെ പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേനാ താവളത്തില്‍നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്റ്റര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സ്തുത്യര്‍ഹസേവനം കാഴ്ചവെച്ചു. .

അമ്മ: കുമാരി. ഭാര്യ: ശ്രീലക്ഷ്മി. മക്കള്‍: ദക്ഷിണ്‍ദേവ്, ദേവപ്രയാഗ. സഹോദരന്‍: പ്രസാദ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക