സൈനികരുടെ വിധവകളെയും ആശ്രിതരേയൂം ചേര്‍ത്ത് പിടിച്ച മധുലിക; റാവത്തിനൊപ്പം കത്തിയമര്‍ന്നത് കാരുണ്യസ്പര്‍ശം

Published on 08 December, 2021
സൈനികരുടെ വിധവകളെയും ആശ്രിതരേയൂം ചേര്‍ത്ത് പിടിച്ച മധുലിക; റാവത്തിനൊപ്പം കത്തിയമര്‍ന്നത് കാരുണ്യസ്പര്‍ശം


ന്യൂഡല്‍ഹി: സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേര്‍ക്കാണ് നീലഗിരിയിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. എ.ഡബ്ല്യൂ.ഡബ്ല്യൂ.എ.(ആര്‍മി വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍) പ്രസിഡന്റും സജീവ സാമൂഹിക പ്രവര്‍ത്തകയുമായിരുന്നു മധുലിക.

മധ്യപ്രദേശിലെ ശഹ്ഡോള്‍ സ്വദേശിയാണ് മധുലിക. അന്തരിച്ച രാഷ്ട്രീയ പ്രവര്‍ത്തകന്‍ മൃഗേന്ദ്ര സിങ്ങിന്റെ മകളായ ഇവര്‍ ഡല്‍ഹിയിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ഡല്‍ഹി സര്‍വകലാശാലയില്‍നിന്നുള്ള സൈക്കോളജി ബിരുദധാരിയായിരുന്നു മധുലിക..

രാജ്യത്തെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘനകളില്‍ ഒന്നാണ് എ.ഡബ്ല്യൂ.ഡബ്ല്യൂ.എ. സൈനികരുടെ ഭാര്യമാര്‍, കുട്ടികള്‍, ആശ്രിതര്‍ തുടങ്ങിയവരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. നേരത്തെ, വീര്‍ നാരി(സൈനികരുടെ വിധവകള്‍)കളെയും ഭിന്നശേഷിക്കാരായ കുട്ടികളെയും സഹായിക്കുന്നതിനു
ള്ള വിവിധ പദ്ധതികളുടെയും പ്രചാരണങ്ങളുടെയും ഭാഗമായും മധുലിക പ്രവര്‍ത്തിച്ചിരുന്നു.

എ.ഡബ്ല്യൂ.ഡബ്ല്യൂ.എയെ കൂടാതെ നിരവധി സാമൂഹിക സേവനങ്ങളിലും പ്രത്യേകിച്ച് കാന്‍സര്‍ രോഗികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും മധുലിക സജീവമായിരുന്നു. സൈനികരുടെ ഭാര്യമാരുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ മധുലിക ചെയ്തിരുന്നു. തയ്യല്‍, ബാഗ് നിര്‍മാണം, കേക്ക്- ചോക്കലേറ്റ് നിര്‍മാണം തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെടുന്നതിലൂടെ സാമ്പത്തികമായി സ്വയംപര്യാപ്തരാകാനും മധുലിക അവര്‍ക്ക് പ്രോത്സാഹനം നല്‍കി. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക